കൊച്ചി: കായികതാരങ്ങൾ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തുള്ള താരങ്ങളെ ഓടിക്കരുതെന്നും കോടതി പറഞ്ഞു. അർജുന അവാർഡ് നിഷേധിച്ചതിനെതിരേയുള്ള അത്ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം. 2013ലാണ് രഞ്ജിത്ത് മഹേശ്വരിക്ക് അവാർഡ് നിഷേധിച്ചത്.

ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനേ തുടർന്നായിരുന്നു നടപടി. 2008ലെ ഉത്തേജകമരുന്ന് പരിശോധനയിലാണ് താരം പരാജയപ്പെട്ടത്. ഇതോടെ 2013ൽ ആദ്യം അർജുന അവാർഡിന് താരത്തിന്റെ പേര് പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്ന് മാത്രമാണ് താൻ കഴിച്ചതെന്നും ഏതെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കാട്ടി താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സംഭവത്തിൽ അന്ന് ഉത്തേജകമരുന്ന് പരിശോധന നടത്തിയതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഉത്തേജക വിരുദ്ധ സമിതിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് കേരളത്തിൽനിന്ന് താരങ്ങൾ വിട്ടുപോവുകയാണെന്ന കാര്യം കോടതി സൂചിപ്പിച്ചത്. രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.