കണ്ണൂർ: പിണറായിയിൽ ജ്യോത്സ്യനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് എരഞ്ഞോളി സ്വദേശി സി.കെ. റമീസിനെ കുറ്റക്കാരനായി വിധിച്ചത്. പാറപ്രം സ്വദേശിയായ കുഞ്ഞിരാമൻ ഗുരുക്കളാണ് കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 4-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പാറപ്രം കോളാട്ടുള്ള കുഞ്ഞിരാമൻ ഗുരുക്കളുടെ ജ്യോതിഷാലയത്തിൽ വെച്ചായിരുന്നു ആക്രമണം. മുൻപ് പലതവണ ജ്യോതിഷ ആവശ്യങ്ങൾക്കായി റമീസ് സമീപിച്ചിരുന്നു. സംഭവദിവസം കൈയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ഗുരുക്കളെ റമീസ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ മകൻ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജ്യോത്സ്യൻ ഫെബ്രുവരി 26-ന് മരണത്തിന് കീഴടങ്ങി.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി ജ്യോത്സ്യനെ കണ്ടിരുന്ന റമീസ് പലപ്പോഴായി അദ്ദേഹത്തിന് പണം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിക്കുള്ള ശിക്ഷാവിധി ശനിയാഴ്ച കോടതി പ്രഖ്യാപിക്കും.