കോഴിക്കോട്: ഏക സിവിൽ കോഡിനെതിരേ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം തടഞ്ഞു ഹൈക്കോടതി. കോഴിക്കോട് കോർപ്പറേഷനിൽ അവതരിപ്പിക്കാൻ ഇരുന്ന പ്രമേയത്തിനാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. വെള്ളിയാഴ്ച ചേരുന്ന കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രമേയം പിൻവലിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിട്ടു. പ്രമേയം അവതരിപ്പിക്കതരുതെന്നാവശ്യപ്പെട്ട് ബിജെപി. നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രമേയം കോർപ്പറേഷന്റെ പുറത്തുള്ള കാര്യമാണെന്നും നഗരപാലികാ നിയമങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്നും പ്രമേയം അവതരിപ്പിക്കരുതെന്നും കാണിച്ച് ബിജെപി. കൗൺസിലർ നവ്യ ഹരിദാസ് മേയർക്കും സെക്രട്ടറിക്കും നോട്ടിസ് നൽകിയിരുന്നു. എന്നാൽ, കോർപ്പറേഷൻ അവതരണാനുമതി നിഷേധിച്ചില്ല. തുടർന്നാണ് ബിജെപി. ഹൈക്കോടതിയെ സമീപിച്ചത്.

കൗൺസിലിലെ പ്രമേയങ്ങളിൽ കോർപ്പറേഷന്റെ അധികാരപരിധിക്കുപുറത്തുള്ള വിഷയങ്ങൾ അനുവദിക്കരുതെന്നാണ് മുനിസിപ്പാലിറ്റി നിയമം. കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കെതിരെ പ്രമേയങ്ങൾ പാസാക്കാൻ ഭരണഘടനാപ്രകാരം കോർപറഷേൻ കൗൺസിൽയോഗത്തിന് അധികാരമില്ലെന്നും ബിജെപി. കൗൺസിലർമാർ പറയുന്നു. ഭരണഘടനയുടെ പരിധിയിൽപെടുന്ന വിഷയങ്ങളിൽ കോർപ്പറേഷൻ എതിർപ്രമേയങ്ങൾ കൊണ്ടുവന്നാൽ നടപടികളെടുക്കാനും വകുപ്പുകളുണ്ട്.

നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പ്രമേയങ്ങൾ കൗൺസിൽ യോഗത്തിന്റെ ഔപചാരികമായ അജൻഡയിൽ ഉൾപ്പെടുത്തിയവർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും ബിജെപി. ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. മുൻപ് കശ്മീർ വിഷയത്തിലടക്കം കോർപ്പറേഷൻ പ്രമേയം പാസാക്കിയിരുന്നു.