- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലമ്പലം കള്ളനോട്ടടി കേസ്: പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടു കോടതി
തിരുവനന്തപുരം: അര ലക്ഷത്തിന്റെ കള്ളനോട്ടും പ്രിന്ററും പിടിച്ചെടുത്ത കല്ലമ്പലം കള്ളനോട്ട് കേസിൽ പ്രതികളെ ഹാജരാക്കാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ ശൃംഖലയിലെ കണ്ണികളും കള്ളനോട്ടടി സംഘാംഗങ്ങളുമായ ഒന്നാം പ്രതി കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻവീട്ടിൽ അശോക് കുമാർ (36), രണ്ടാം പ്രതി ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ വിജയ ഭവനിൽ ശ്രീവിജിത്ത് (33) എന്നിവരെയാണ് ഹാജരാക്കേണ്ടത്.
21 ന് പ്രതികളെ ഹാജരാക്കാൻ കേസ് ചാർജ് ചെയ്ത ക്രൈം ബ്രാഞ്ച് കൗണ്ടർ ഫീറ്റ് കറൻസി സ്‌ക്വാഡ് ഡി വൈ എസ് പി യോട് ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടു. 2022 മാർച്ച് 21നാണ് വ്യാജ കറൻസി നോട്ടുകളായ തൊണ്ടി സഹിതം പ്രതികൾ തിരുവനന്തപുരം റൂറൽ കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. 44,500 രൂപയുടെ കള്ള നോട്ടുകളും പ്രിന്ററും നോട്ട് കട്ടറുമായി കള്ളനോട്ടടി സംഘത്തിലെ 2 പേരെ സ്‌പോട്ട് അറസ്റ്റ് ചെയ്തുവെന്നാണ് കേസ്.
ശ്രീവിജിത്തിന്റെ വീട്ടിൽ നിന്ന് 44,500 രൂപയുടെ 110 ഇന്ത്യൻ കറൻസികളും വ്യാജ നോട്ട് പ്രിന്ററും നോട്ട് കട്ടറും പിടിച്ചെടുത്തു. റൂറൽ എസ്‌പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്‌പി നിയാസ്. പി, കല്ലമ്പലം സിഐ. ഫറോസ്. ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
തുടർന്ന് റെയ്ഞ്ച് ഐജി മുഖേന സ്‌പെഷ്യൽ ഇൻസ്റ്റിഗേഷൻ ഏജൻസിയായ ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറി. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് കേസ് വിചാരണക്കായി കേസ് റെക്കോർഡുകൾ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തലസ്ഥാന ജില്ലാ കോടതിക്ക് സമർപ്പിക്കുകയായിരുന്നു.



