പത്തനംതിട്ട: വീട്ടമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് ജെ.എഫ്.എം രണ്ട് കോടതി ജഡ്ജി പി അഞ്ജലി ദേവി. പത്തനാപുരം പുന്നല ചാച്ചിപ്പുന്ന എഞ്ചൂര്‍ തെക്കേക്കര ലക്ഷംവീട്ടില്‍ താമസം ഷൈജു എന്ന നവാസി (40) നെയാണ് ശിക്ഷിച്ചത്. കൊടുമണ്‍ പോലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പുറപ്പെടുവിച്ചത്.

മുടിയൂര്‍ക്കോണം സ്വദേശിനിയെ വീട്ടിലേക്ക് നടന്നു പോകവേ 2018 മേയ് 20 ന് രാത്രി ഏഴിന് പിന്നിലൂടെ ചെന്ന് പ്രതി കടന്നു പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തള്ളിയിടുകയും വസ്ത്രം വലിച്ചുകീറുകയും വായ് പൊത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്തു. എസ.ഐ ആയിരുന്ന വൈ തോമസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ബലാത്സംഗശ്രമത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമായിരുന്നു കേസ്.

സ്ത്രീത്വത്തെ അപമാനിച്ചതിനു ഒരു വര്‍ഷം തടവും 5000 രൂപ പിഴയും, ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ആറുമാസം തടവുമാണ് കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ഒരു മാസത്തെ തടവു കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ്. നായര്‍ ഹാജരായി.