ന്യൂഡൽഹി: ക്രിസ്മസ് അവധിക്കാലത്തിനു ശേഷം കോവിഡ് കേസുകളിൽ കേരളത്തിൽ വലിയ വർധനയ്ക്ക് സാധ്യതയെന്ന് വിലയിരുത്തൽ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റു രോഗമുള്ളവരും കരുതൽ എടുക്കണം. പ്രതിരോധ ശേഷി കുറവുള്ളവർക്ക് ബൂസ്റ്റർഡോസ് നല്കുന്നത് കേന്ദ്ര ആലോചനയിലുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 128 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ സജീവ കോവിഡ് കേസുകൾ 3,128 ആയി. അതേസമയം, രാജ്യത്ത് പുതുതായി 628 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കോവിഡ് കേസുകളുടെ എണ്ണം 4,054 ആയി. മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പേർ രോഗമുക്തി നേടി. അതേസമയം, കർണാടകയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. തിങ്കളാഴ്ച 92 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.