കൽപ്പറ്റ: സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കർഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയിൽ കൂടുതൽ പാൽ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

'സംസ്ഥാനം പാൽ ഉത്പാദനത്തിൽ 90 ശതമാനം നേട്ടം കൈവരിച്ചതായും അധിക പാലായി 10 ശതമാനം ലഭിക്കേണ്ടതുണ്ട്. കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജില്ലകളിൽ വയനാട് രണ്ടാമതാണ്.' തണുത്ത കാലാവസ്ഥയിൽ കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ക്ഷീര സംഘങ്ങളിലൂടെ ശേഖരിക്കുന്ന പാലിന്റെ കറവ സമയം മാറ്റിയ തോടെ പത്ത് ശതമാനം അധിക പാൽ ലഭ്യമാവുന്നതായും മന്ത്രി പറഞ്ഞു.

'ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ, മറ്റ് തീറ്റ ഉത്പന്നങ്ങൾ കഴിച്ച് കന്നുകാലികൾ മരണപ്പെട്ടാൽ, മരണകാരണമായ ഭക്ഷണ ഉത്പന്നം ഇറക്കുമതി ചെയ്ത കമ്പനി കന്നുകാലിയെ വാങ്ങി നൽകണം. ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പകൾ ഉറപ്പാക്കും.' സംസ്ഥാനത്തെ ഏല്ലാ ജില്ലയിലും കിടാരി പാർക്ക് ആരംഭിക്കുമെന്നും കിടാരി പാർക്കിൽ വളരുന്ന കന്നുക്കുട്ടികളെ കർഷകർക്ക് നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കർഷകരുടെ കുടുംബാഗംങ്ങൾക്ക് ചികിത്സക്കായുള്ള ക്ഷീര സാന്ത്വനം ഇൻഷൂറൻസ് പദ്ധതി പുനഃസ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. 'പദ്ധതിയിൽ 6000 പേരാണ് അംഗങ്ങളായിട്ടുള്ളത്. അപേക്ഷകർ ഓൺലൈനായി അപേക്ഷ നൽകണം. ക്ഷീരകർഷകങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വർദ്ധിപ്പിക്കുന്നതിൽ നടപടി സ്വീകരിക്കും. പശുക്കളെ കൃത്യതയോടെ പരിപാലിച്ച് പുതിയ ഇനം ബീജം കുത്തിവെച്ച് മികച്ച കിടാരികളിലൂടെ കൂടുതൽ പാൽ ഉത്പാദനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കും.' മൃഗസംരക്ഷണ പരിപാലനത്തിൽ കർഷകർക്ക് മികച്ച രീതിയിൽ ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.