- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജി. സുധാകരന്റെ പടിയിറക്കം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനമനസ്സുകളില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സൂചന'; എല്‍ഡിഎഫിനെതിരെ സി.പി. ജോണ്‍

തിരുവനന്തപുരം: ഇടതുമുന്നണി ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളോട് കാണിക്കുന്ന സമീപനം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങളുടെ മനസ്സില്‍ നിന്നും പടിയിറങ്ങുന്നതിന്റെ സൂചനയാണിതെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നും യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്നണി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് വ്യക്തമാക്കി.
63 വര്‍ഷം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ജി. സുധാകരനെപ്പോലൊരാളെ പാര്‍ട്ടി കൈവിട്ടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച അപചയമാണെന്ന് സി.പി. ജോണ്‍ ചൂണ്ടിക്കാട്ടി. 'ജി. സുധാകരന്‍ ഒപ്പിട്ട മെമ്പര്‍ഷിപ്പ് കാര്‍ഡ് കൊണ്ടുനടന്ന ആളാണ് ഞാന്‍. അത്രയും വലിയൊരു വ്യക്തിത്വത്തോട് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് പരിഹാസത്തോടെ ചിരിച്ചത് വിഷമിപ്പിച്ചു. സുധാകരന്‍ ഇറങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ പ്രസ്ഥാനം ജനങ്ങളില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണ് അര്‍ത്ഥം,' അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പിആര്‍ ഏജന്‍സികളുടെയും മുകളിലെ തട്ടിലുള്ള ചിലരുടെയും നിയന്ത്രണത്തിലാണെന്നും അണികളുമായി നേതൃത്വത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിപയും കോവിഡും ഉണ്ടായപ്പോള്‍ ശൈലജ ടീച്ചര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു പരാജയമാണെന്നും സി.പി. ജോണ്‍ പറഞ്ഞു. 'ഇന്നത്തെ സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് അല്ല, മറിച്ച് ഒരു 'പെരും നുണ കമ്പനി'യാണ്. അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ആരോഗ്യ വകുപ്പിനെയാണ്. കെട്ടിടം ഇടിഞ്ഞുവീണ് ആളുകള്‍ മരിച്ചുകിടക്കുമ്പോള്‍ ആരുമില്ലെന്ന് പറയുന്ന മന്ത്രിയാണ് നമുക്കുള്ളത്. വനം വകുപ്പും ആരോഗ്യ വകുപ്പുമെല്ലാം പൂര്‍ണ്ണ പരാജയമാണ്,' അദ്ദേഹം ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാന്‍ എഐസിസി നേതൃത്വം സൂചിപ്പിച്ചിട്ടുണ്ടെന്നും തന്റെ താമസം 35 വര്‍ഷമായി ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. 'തിരുവനന്തപുരം എന്റെ നാട് പോലെയാണ്. ഇവിടെ എട്ട് വീടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. യുഡിഎഫിന് വലിയ വിജയസാധ്യതയുള്ള മണ്ഡലമാണിത്. ബിജെപിക്ക് ഇവിടെ അടിത്തറയുണ്ടെങ്കിലും അവര്‍ ഇപ്പോള്‍ വളരുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം ഇക്കുറിയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി. ജോണ്‍ പറഞ്ഞു. 'ശബരിമല വളരെ മോശമാണ്, ഞാന്‍ നന്നാക്കാം എന്നാണ് പിണറായി വിജയന്‍ കരുതിയത്. എന്നാല്‍ കേരളീയ സംസ്‌കാരത്തില്‍ ശബരിമലയും ഓണവും രക്തം പോലെ പ്രധാനമാണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. മതേതരത്വത്തിന്റെ വലിയൊരു വശമുള്ള ശബരിമലയെ നാം ഉയര്‍ത്തിപ്പിടിക്കണം,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനം പരിശോധിച്ചാല്‍ യുഡിഎഫ് എല്ലാ മേഖലകളിലും തിരിച്ചു വരുന്നതായാണ് കാണുന്നതെന്നും ഭരണമാറ്റം ഉറപ്പാണെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.


