- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ബാദ്ധ്യതയാണ് മരണത്തിന് കാരണമെന്ന് കുറിപ്പെഴുതി പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ; വീട്ടിൽ തുങ്ങിമരിച്ചത് പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം സിപി മോനിഷ്
പാലക്കാട്: പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവഴി താനായിക്കൽ ചെമ്മർകുഴി പറമ്പിൽ സി പി മോനിഷാണ് (29) മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബിബിഎ ബിരുദധാരിയായ സി പി മോനിഷ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായിരുന്നു. വിവാഹിതനാണ്. സംഭവസമയത്ത് വീട്ടിൽ മോനിഷ് മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മോനിഷിന്റെ വല്യച്ഛൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാദ്ധ്യതയാണ് മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിവച്ച കത്ത് പൊലീസിന് ലഭിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തിനായി എത്തിയ ജീവനക്കാർ വീട്ടുകാരെ കാണാനില്ലെന്ന് പറഞ്ഞപ്പോഴാണ് വല്യച്ഛൻ വീട്ടിലെത്തി പരിശോധിച്ചത്. പൂക്കോട്ടുകാവിൽ ഇലക്ട്രിക് കടയും മോനിഷ് നടത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടക്കും. അച്ഛൻ: രവീന്ദ്രൻ. അമ്മ: പത്മിനി. ഭാര്യ: ദീപ്തി.



