കണ്ണൂർ: പിണറായി ഭരിക്കുന്ന പൊലീസിനെതിരെ ഭീഷണിയുടെ ഭാഷയിൽ സി.പി. ഐ നേതാവ്. നാണംകെട്ട നിലപാട് സ്വീകരിക്കുന്ന തളിപറമ്പിലെ പൊലീസുകാരെ നിലയ്ക്ക് നിർത്താൻ സിപിഐക്ക് അറിയാമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ മുന്നറിയിപ്പു നൽകി. ആരെങ്കിലും പറയുന്നത് കേട്ടയുടനെ കേസെടുക്കാൻ തയ്യാറാവുന്നതിന് മുൻപായി വസ്തുകൾ പരിശോധിച്ച് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കൾക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റേഷനുമുൻപിൽ പൊലിസ് ബാരിക്കേഡുയർത്തി മാർച്ച് തടഞ്ഞതിനാൽ പ്രവർത്തകർ സ്റ്റേഷൻ കാവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധ ധർണ നടത്തി. പരിപാടിയിൽ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം.രഘുനാഥ് സ്വാഗതം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് കോമത്ത് മുരളീധരൻ, പടിപ്പുരക്കൽ ശ്രീനിവാസൻ, പി.വി.നാരായണൻ, സുരേഷ് കീഴാറ്റൂർ എന്നിവർ നേതൃത്വം നൽകി. സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളോടെയുള്ള മുദ്രാവാക്യം വിളികളോടെയാണ് തളിപറമ്പ് ടൗണിൽ പ്രതിഷേധമാർച്ച് നടന്നത്.

ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളിധരൻ മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി വിജേഷ് മണ്ടൂർ, അസി.സെക്രട്ടറി ബിജു കരിയിൽ എന്നിവർക്കെതിരെ സിപിഎം പ്രവർത്തകൻ നവനീതിനെ ആക്രമിച്ചതായായി പറഞ്ഞ് കള്ളക്കേസെടുത്തു എന്നാരോപിച്ചാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. സിപിഐ പ്രവർത്തനഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഒക്ടോബർ 22 ന് രാവിലെ സിപിഐ പ്രവർത്തകർ ഭവനന്ദർശനം നടത്തിക്കൊണ്ടിരിക്കെ അസുഖ ബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ കയറിയിരുന്നു. ഈ സമയത്ത് അവിടയെത്തിയ സിപിഎം പ്രവർത്തകൻ നവനീതിനോട് സിപിഐ കുടുംബസംഗമ സമയത്ത് കൂവിയതിനെപ്പറ്റി കോമത്ത് മുരളീധരൻ അഭിപ്രായം പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂെവന്നാണ് സിപിഐ വിശദീകരണം.

കൂവലിന്റെ കാലഘട്ടമൊക്കെ കഴിഞ്ഞുപോയെന്നും ഇതൊന്നും ശരിയായ രീതിയല്ലെന്നും ഈ സമയത്ത് അവിടെയെത്തിയ ബന്ധു കൂടിയായ കോമത്ത് ബിനോയിയോട് പറഞ്ഞ് സൗഹൃദത്തിൽ പരിയുകയാണത്രേ ഉണ്ടായത്. വസ്തുത ഇതാണെന്ന് പോള മനോഹരൻ ഉൾപ്പെടെ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം നടത്താതെ പൊലീസ് കള്ളക്കേസ് എടുത്തതായി സിപിഐ ആരോപിച്ചു. ജില്ലയിൽ സിപിഎം-സിപിഐ ബന്ധം വഷളാക്കുന്ന ഒരു സാഹചര്യമാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സൃഷ്ടിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു.

കഴിഞ്ഞ നമ്മേളന കാലയളവിൽ സിപിഎം വിട്ട് മാന്തംകുണ്ടിലെ കോമത്ത് മുരളീധരൻ സിപിഐയിൽ ചേർന്നപ്പോൾ ഒപ്പം അദ്ദേഹത്തിന്റെ അനുയായികളും സിപിഐയിൽ ചേർന്നിരുന്നു.കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂരും ഇപ്പോൾ സിപിഐ അനുഭാവം പുലർത്തുന്നയാളാണ്. ചെറിയ പ്രശ്‌നങ്ങൾ ഈ പ്രദേശങ്ങളിലുണ്ടാകാറുണ്ടെങ്കിലും 'കഴിഞ്ഞ മാസം സിപിഐ കാൽനട പ്രചരണ ജാഥ കണി കുന്നിൽ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ പ്രാദേശിക തലത്തിൽ എൽഡിഎഫിലെ ഭിന്നത മറനീക്കി പുറത്ത് വരികയായിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടാംവാരം സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പങ്കെടുത്ത തളിപ്പറമ്പ് നോർത്ത് എൽഡിഎഫ് ലോക്കൽ കമ്മിറ്റി കീഴാറ്റുരിൽ നടത്തിയ കുടുംബസംഗമം സിപിഎം പരിപാടിയാക്കിയെന്ന് ആരോപിച്ച് സിപിഐ ബഹിഷ്‌ക്കരിക്കുകയും, തുടർന്ന് ബദൽ പരിപാടി എന്ന നിലയിൽ ഒക്ടോബർ 18ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.മുരളിയെ പങ്കെടുപ്പിച്ച് കൊണ്ട് മാന്തംകുണ്ടിൽ സിപിഐ തളിപ്പറമ്പ് ലോക്കൽ കുടുംബ സംഗമം സ്വന്തം നിലയിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് ഇരുപാർട്ടികളും തമ്മിലുണ്ടായ ബന്ധം ഏറെ വഷളായതിനെ തുടർന്ന് സി.പി. ഐ നേതാവ് കോമത്ത് മുരളീധരനും സംഘവും മർദ്ദിച്ചുവെന്നാരോപിച്ചു സി.പി. എം പ്രവർത്തകൻ പൊലിസിൽ പരാതി നൽകിയത്. നേരത്തെ ഇരുപാർട്ടികളും തമ്മിലുള്ള ശീതസമരം ഒത്തുതീർപ്പാക്കാൻ അനൗപചാരിക ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് അണികൾ തമ്മിലുള്ള പോര് തെരുവിലെത്തിയത്. സി. പി. ഐ സംഘടനാപരമായി അച്ചടക്കനടപടി സ്വീകരിച്ച മുൻ മണ്ഡലം സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെയും ഭാര്യയെയും സി.പി. എം സ്വീകരിക്കുകയും തളിപറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ അവരോധിക്കുകയും ചെയ്തതാണ് അസ്വാരസ്യങ്ങളുടെ തുടക്കം.

ഇതിനെ തുടർന്ന് സി.പി. എം തളിപറമ്പ് ഏരിയാകമ്മിറ്റിയംഗവും മുൻ നഗരസഭാ വൈസ് ചെയർമാനുമായ കോമത്ത് മുരളീധരനും അൻപതോളം പേരും പാർട്ടി വിട്ടു. പുല്ലായിക്കൊടിയെ മുന്നണിമര്യാദമറന്ന് സ്വീകരിച്ച സി.പി. എമ്മിനോടുള്ള മധുരപ്രതികാരമായി സി.പി. ഐ ജില്ലാകൗൺസിൽ അംഗമായി തങ്ങളുടെ കൂടെ പോന്ന കോമത്ത് മുരളീധരനെ മാറ്റുകയുംചെയ്തു. എന്നാൽ എത്ര വലിയ നേതാവാക്കിയാലും പുകഞ്ഞ കൊള്ളിയായ കോമത്ത് മുരളീധരനെ എൽ.ഡി. എഫ് പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാട് സി.പി. എം സ്വീകരിച്ചതോടെയാണ് ഇരുപാർട്ടികളിലെയും അണികൾ പരസ്യമായി ഏറ്റുമുട്ടലാരംഭിച്ചത്.