തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്റ്റംബർ 11 മുതൽ ഒരാഴ്ച നീളുന്ന പ്രതിഷേധ കൂട്ടായ്മയാണ് സംഘടിപ്പിക്കുക. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. 18000 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സംസ്ഥാനത്തിന്. ജിഎസ്ടി നഷ്ടപരിഹാരമായി നൽകിയിരുന്ന 12000 കോടിയും നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. വിപണി ഇടപെടലിന് കേന്ദ്രം പണം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ്. കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ നേരിടാനാണ് ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നത്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാവിവത്ക്കരിക്കപ്പെട്ട പുസ്തകങ്ങളാണ് വരാൻ പോകുന്നത്. ആർഎസ്എസുകാരനെ സമിതിയിൽ ഉൾപ്പെടുത്തിയത് ഇതിനുവേണ്ടിയാണ്. സംഘ്പരിവാർ ലക്ഷ്യം കലാപമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്ക് ഏത് വ്യക്തിയേയും കാണാം. സുകുമാരൻ നായരുടെ സമദൂര പ്രസ്താവന നല്ലത്. സമദൂരം പലപ്പോഴും സമദൂരമാകാറില്ല - എം വി ഗോവിന്ദൻ പറഞ്ഞു.