- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗം; ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ തുടർച്ചയെന്ന് സിപിഎം
തിരുവനന്തപുരം: രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലൈബ്രറികളെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കി സംഘപരിവാർ പ്രസിദ്ധീകരണ ശാലയുടെ പുസ്തകങ്ങൾക്കൊണ്ട് ലൈബ്രറികൾ നിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയ ബോധവും, പുരോഗമന ചിന്തയും ലൈബ്രറികളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റ്‌വെൽ ഓഫ് ലൈബ്രറീസിലാണ് ലൈബ്രറികളെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനം വന്നത്. ഭരണഘടനയുടെ 7-ാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന നിയന്ത്രണത്തിലുള്ള ലൈബ്രറികളെ സമവർത്തി പട്ടികയിൽ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. കേന്ദ്ര സർക്കാർ ലൈബ്രറികളിൽ ഇടപെടുന്നതോടെ പ്രാദേശികമായി തീരുമാനമെടുക്കാനുള്ള അവകാശങ്ങളില്ലാതാകും. സ്വയംഭരണം ഇല്ലാതാകുന്നതോടെ എന്ത് വായിക്കണം, എങ്ങനെ വായിക്കണം, ഏതൊക്കെ പുസ്തകങ്ങൾ വായിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇത്തരം ഇടപെടലുകളുണ്ടാകും. പ്രാദേശികമായ ആവശ്യങ്ങൾക്കുള്ള സാധ്യതകൾ ഇല്ലാതായിത്തീരുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ പ്രചരണ ഉപാധിയും, ആവിഷ്‌ക്കാരത്തിനുള്ള മേഖലയുമായി ഇത് മാറും.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മുന്നേറ്റത്തിൽ സജീവമായ പങ്കാളിത്തമാണ് ലൈബ്രറികൾ വഹിച്ചിട്ടുള്ളത്. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായാണ് ലൈബ്രറികൾ മാറിയിട്ടുള്ളത്. 1829-ൽ തിരുവനന്തപുരത്ത് ഒരു പബ്ലിക്ക് ലൈബ്രറി ആരംഭിച്ചുകൊണ്ട് രാജ്യത്ത് തന്നെ ഈ രംഗത്ത് ആദ്യമായി കാലുറപ്പിച്ച സംസ്ഥാനമാണ് കേരളം. നവോത്ഥാന ആശയങ്ങളുടേയും, സ്വാതന്ത്ര്യ സമരത്തിന്റെ കാഴ്ചപ്പാടുകളുമെല്ലാം ജനങ്ങളിലെത്തിക്കുന്നതിന് മുമ്പന്തിയിൽ തന്നെ ഗ്രന്ഥശാലകളുണ്ടായിരുന്നു. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന ലൈബ്രറി സംവിധാനത്തെ തകർക്കുന്നതിനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. വായിക്കുക വളരുകയെന്ന ശീലം കേരളത്തിൽ വളർത്തിയെടുത്ത പ്രസ്ഥനമാണ് ഇത്. ഈ മേഖലയിൽ ഇടപെട്ട് വർഗ്ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ട്.
ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ തുടർച്ചയാണ് ഇത്തരം നടപടികൾ. സംസ്ഥാന പട്ടികയിലുള്ള സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയത്തിന് രൂപം നൽകുകയുണ്ടായി. കാർഷിക മേഖല സംസ്ഥാന പട്ടികയിലായിരുന്നിട്ടും കാർഷിക നിയമങ്ങൾ കൊണ്ടുവന്ന കാർഷിക നയമാണ് കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെപ്പോലും ഇല്ലാതാക്കി തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



