കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫിനെ വധിച്ച കേസില്‍ പ്രതികളായ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി.ഷിജില്‍, ആര്‍.വി.നിധീഷ്, കെ.ഉജേഷ് എന്നിവര്‍ക്കാണ് തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 80,000 രൂപ പിഴയും കോടതി വിധിച്ചു. എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ എം.ആര്‍.ശ്രീജിത്ത്, ടി.ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. രണ്ടുപേര്‍ വിചാരണയ്ക്കു മുമ്പ് മരിച്ചു.

രാഷ്ട്രീയ വിരോധത്താല്‍ 2011 മേയ് 19നാണ് അഷ്‌റഫിനെ പ്രതികള്‍ ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 21ന് മരിച്ചു. കേസില്‍ ഒന്നു മുതല്‍ നാല് വരെ പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ടുപേര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നല്‍കിയത്.

രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അഷ്‌റഫിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചും ആറും പ്രതികളായ എം.ആര്‍ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിന്‍, സുജിത്ത് എന്നിവര്‍ വിചാരണയ്ക്ക് മുന്‍പേ മരിച്ചിരുന്നു.