- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജി വെച്ചു; പി വി അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് അഷറഫ് പൂക്കോം
കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജി വെച്ചു
കണ്ണൂര്‍ : ന്യൂനപക്ഷ സമുദായങ്ങളോട് അവഗണനയെന്ന് ആരോപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാനൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലെ മേലെ പൂക്കോം ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ് പൂക്കോം ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അഷ്‌റഫ് പൂക്കോം തന്റെ തീരുമാനം അറിയിച്ചത്.
കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം, കര്‍ഷകസംഘം വില്ലേജ് ട്രഷറര്‍, പാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയര്‍ സഹകരണ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മികച്ച ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ അഷ്‌റഫിനു മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ പി എ റഹീം സ്മാരക പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെയും ജില്ലയായ കണ്ണൂരില്‍ നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് പി വി അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ചേരുന്നത് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. 40 വര്‍ഷക്കാലത്തെ ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചുകൊണ്ട് പാര്‍ട്ടി വിടുന്നുവെന്നാണ് അഷ്‌റഫ് പൂക്കോമിന്റെ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ് '
പ്രിയപ്പെട്ടവരെ,
46 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണീരോടെ, അവസാനം ഞാനൊരു തീരുമാനത്തില്‍ എത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചു പടി ഇറങ്ങുന്നു. എങ്കിലും രാഷ്ട്രീയത്തില്‍ ഞാന്‍ സജീവമായി തന്നെയുണ്ടാകും. എന്നെ സ്‌നേഹിക്കുന്ന നാട്ടുകാരോടും സുഹൃത്തുക്കളോടും നേതാക്കളോടും ആലോചിച്ച് എടുത്ത തീരുമാനമാണ്. ഇത് ചിലര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാനാകില്ലല്ലോ. ഇതുവരെ പാര്‍ട്ടിയിലും മുന്നണിയിലും എന്നോട് ചേര്‍ന്ന് നിന്നവര്‍, എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും കട്ടക്ക് കൂടെ നിന്നവര്‍, എന്റെ വളര്‍ച്ച ആഗ്രഹിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും എല്ലാവര്‍ക്കും ഹൃദയത്തില്‍ ചേര്‍ത്ത നന്ദി...
എന്ന്
അഷ്‌റഫ് പൂക്കോം
അഷറഫിന്റെ രാജി സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്. പാനൂര്‍ ഏരിയ നേതാക്കള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ അഷറഫ് തയ്യാറായിട്ടില്ല. പി. വി അന്‍വര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃപദവിയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.