പത്തനംതിട്ട: മണൽ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി വി. അജിത് സസ്പെൻഡ് ചെയ്തു. കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.എസ് ജേക്കബിനെയാണ് അന്വേഷണവിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം സസ്പെൻസ് ചെയ്തത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരവേ,

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നുമുതൽ കഴിഞ്ഞ ജൂലൈ 24 വരെയുള്ള കാലയളവിൽ മണൽ മാഫിയകളുമായി അടുപ്പമുള്ള നിരവധി ആളുകളുമായി ഫോണിലൂടെ അടുത്ത ബന്ധം നിലനിർത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനം ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും പൊലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയ റിപ്പോർട്ട് പരിഗണിച്ചാണ് ഇയാൾക്കെതിരെ അച്ചടക്കനടപടി ജില്ലാ പൊലീസ് മേധാവി കൈക്കൊണ്ടത്. വകുപ്പുതല അന്വേഷണത്തിന് അടൂർ ഡിവൈ.എസ്‌പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.