- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് മോഷണത്തിൽ പുതുമുഖങ്ങൾ; മോഷണ വസ്തുക്കൾ വിൽക്കാൻ സഹായിച്ചത് കാപ്പ കേസ് പ്രതി; രണ്ടു ബൈക്ക് മോഷണ കേസുകളിലായി നാലു പേരെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്
അടൂർ: മൂന്നാളത്ത് വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ടു മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി തുമ്പമൺ നോർത്ത് മുറിയിൽ പുന്നക്കുന്ന് നെടുംപൊയ്ക മേലേതിൽ മോനായി എന്ന് വിളിക്കുന്ന ജസ്റ്റിൻ ഡാനിയേൽ(23), കുളനട കൈപ്പുഴ നോർത്ത് പാണിൽ ചെങ്ങന്നൂർ വിളയിൽ വീട്ടിൽ പാണിൽ ബിജു എന്നറിയപ്പെടുന്ന ബിജു മാത്യു (43), കലഞ്ഞൂർ കാഞ്ഞിരം മുകളിൽ സന്ധ്യ ഭവനം വീട്ടിൽ വിഷ്ണു(19), അടൂർ പെരിങ്ങനാട് മലമേക്കര കടക്കൽ തെക്കേതിൽ വീട്ടിൽ വിഷ്ണു(18) എന്നിവരാണ് അറസ്റ്റിലായത്.
നാലിന് പുലർച്ചയോടെയാണ് മൂന്നാളം ശ്രീനിലയം വീട്ടിൽ സന്തോഷ്‌കുമാറിന്റെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ഹോണ്ടാ ആക്ടീവ സ്‌കൂട്ടറും യമഹ ആർ.എക്സ് 100 മോട്ടോർ സൈക്കിളും മോഷണം പോയത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ച പൊലീസ്, വിവിധ സ്ഥലങ്ങളിലെ സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. മോഷണം പോയ ആർ എക്സ് 100 വാഹനത്തിൽ ജസ്റ്റിൻ കറങ്ങി നടക്കുന്നതായി ഇലവുംതിട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് സ്ഥലത്തെത്തി ജസ്റ്റിനെ കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടി വിൽക്കാൻ സഹായിച്ച ബിജു മാത്യുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയും അന്വേഷണം വ്യാപകമാക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയോടെ അടൂർ വാട്ടർ അഥോറിറ്റി ഓഫീസിനു സമീപം കാടുപിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പുരയിടത്തിലുള്ള ബഹുനില കെട്ടിടത്തിൽ മറ്റു രണ്ടു പ്രതികൾ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടി.
സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചു വെച്ചിരുന്ന സ്‌കൂട്ടറുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാലാം പ്രതി പാണിൽ ബിജു ഇലവുംതിട്ട, പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നയാളും കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടയാളുമാണ്. ഒന്നാം പ്രതി ജസ്റ്റിൻ ഡാനിയേൽ അടിപിടി കേസിലും രണ്ട്, മൂന്ന് പ്രതികളായ ബിജു മാത്യു, വിഷ്ണു എന്നിവർ മുൻപ് മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ മോഷണ കേസുകളിൽ പ്രതികളും ജയിൽവാസം അനുഭവിച്ചവരുമാണ്.
സമാന സ്വഭാവമുള്ള നിരവധി കേസുകളിൽ പ്രതികൾ ഉൾപ്പെടുത്തിട്ടുള്ളതായി സംശയിക്കുന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശനാനുസരണം അടൂർ ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ്, സബ് ഇൻസ്പെക്ടർ വിപിൻ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജിത്, പൊലീസ് ഓഫീസർമാരായ സൂരജ്, ശ്രീജിത്ത്, പ്രവീൺ, സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.