- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ പുരുഷ നഴ്സ് അഞ്ചു പവനോളം സ്വർണവും പതിനായിരം രൂപയുമായി കടന്നു; കോയിപ്രം പൊലീസ് പ്രതിയെ പിടികൂടിയത് കട്ടപ്പനയിൽ നിന്ന്
കോയിപ്രം: സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്സ് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു കടന്നു. ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ഇടുക്കിയിൽ നിന്നും പിടിയിലായി.
കട്ടപ്പന കുന്തളം പാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ നിന്നും ഇരുപത് ഏക്കർ മാത്തുക്കുട്ടി വക പുളിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന പ്രദീപ് കുമാർ (39) ആണ് കോയിപ്രം പൊലീസിന്റെ നീക്കത്തിൽ കുടുങ്ങിയത്. കവിയൂർ പടിഞ്ഞാറ്റുശ്ശേരി ചിറത്തലക്കൽ രഞ്ജി ജോർജിന്റെ ഭാര്യ ഷിജിമോൾ മാത്യു (40)വിന്റെ പിതാവിനെ പരിചരിക്കാൻ കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ എത്തിയതാണ് ഇയാൾ. ഓഗസ്റ്റ് 14 നാണ് എത്തിയത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും രണ്ട് പവന്റെ മോതിരവും പതിനായിരം രൂപയും മോഷ്ടിച്ചുകടന്നു.
സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ഏജൻസിയാണ് പ്രദീപിനെ ഏർപ്പാടാക്കി കൊടുത്തതെന്ന് വ്യക്തമായി.
തുടർന്ന് കട്ടപ്പന ഇരുപത് ഏക്കറിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു, ഷിജിമോളെ വീഡിയോ കാളിലൂടെ ഇയാളെ കാണിച്ച് ഉറപ്പാക്കിയശേഷം വെള്ളിയാഴ്‌ച്ച വൈകിട്ട് പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കട്ടപ്പന സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ഇരുപത് ഏക്കറിൽ ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി, കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ നിന്നും കമ്മൽ കണ്ടെടുത്തു. മോഷ്ടിച്ച മറ്റ് സ്വർണവും, പണവും കണ്ടെടുക്കാനായിട്ടില്ല, പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ പ്രകാശ്, എ എസ് ഐ വിനോദ് കുമാർ, എസ് സി പി ഓ ജോബിൻ, സി പി ഓ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.