- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരിച്ചിരിക്കുന്ന ആഭരണം മുക്കുപണ്ടമാണെന്ന് അറിയാതെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് കൊള്ള; ഒളിവിലായിരുന്ന പ്രതിയെ ഒരു വർഷത്തിന് ശേഷം പൊലീസ് പിടികൂടി
കോയിപ്രം: അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത് കഴുത്തിലെ മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം 18/50 നമ്പർ വീട്ടിൽ പ്രദീപൻ ചിദംബര(30)മാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞവർഷം ഫെബ്രുവരി 21 ന് വൈകിട്ട് നാലിന് അയിരൂർ പേരൂർച്ചാൽ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻദാസിന്റെ ഭാര്യ കെ.പി രമണിയമ്മയെയാണ് മോഷ്ടാവ് ആക്രമിച്ചശേഷം മാല കവർന്നത്. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പിടികൂടിയിരുന്നു.
മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി അത് റബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന ഇയാൾ കഴുത്തിൽ കുത്തിപ്പിടിച്ച് കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ട് പുറത്തു ഇടിച്ച് മാല പൊട്ടിച്ചെടുത്ത ശേഷം മുഖത്ത് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
പിറ്റേന്ന് പുലർച്ചെ പൊലീസ് സ്റ്റേഷനിലെത്തിയ രമണിയമ്മ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സജീഷ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ രണ്ടാം പ്രതിയെ വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെ പറ്റി ചോദിച്ചപ്പോൾ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയ ഇയാൾ, സംഭവശേഷം പ്രദീപൻ ഓടിരക്ഷപ്പെട്ടതായും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും മറ്റും വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പരുകൾ ശേഖരിച്ച് സൈബർ സെൽ മുഖേന അന്വേഷണം വ്യാപിപ്പിച്ചപ്പോൾ, നിലവിൽ പ്രതി ഉപയോഗിക്കുന്ന നമ്പർ കണ്ടെത്തി. ഈ നമ്പരിലെ വിളി സംബന്ധിച്ച രേഖകൾ പരിശോധിച്ച അന്വേഷണസംഘത്തിന് ഇയാൾ തമിഴ്‌നാട്ടിലും വയനാട്, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലും മാറിമാറി സഞ്ചരിക്കുന്നതായി വ്യക്തമായി.
വേഷം മാറിയായിരുന്നു യാത്ര. ഫോൺ ലൊക്കേഷൻ കണ്ടെത്തി അന്വേഷണം പുരോഗമിക്കവേ, കഴിഞ്ഞദിവസം ചെങ്ങന്നൂർ ക്ഷേത്രത്തിനു സമീപം ലൊക്കേഷൻ കാണിക്കുകയും, ഉടനടി പൊലീസ് സംഘം അവിടെയെത്തി നിരീക്ഷണത്തിനൊടുവിൽ വിദഗ്ദ്ധമായി കുടുക്കുകയുമായിരുന്നു. 27 ന് രാത്രി 9.30 ന് തമിഴ്‌നാട് സ്വദേശികൾ താമസിക്കുന്ന വീടിനുമുന്നിൽ കണ്ടെത്തിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, തടഞ്ഞ് പിടികൂടുകയാണുണ്ടായത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർദേശിച്ചപ്രകാരം അന്വേഷണസംഘം നീക്കം നടത്തിയിരിക്കുകയാണ്. ഇയാളുടെ വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ അനൂപ്, എ എസ് ഐ സുധീഷ്, ഷിറാസ്, സി പി ഓമാരായ സുജിത് പ്രസാദ്, അഖിൽ ചന്ദ്രൻ എന്നിവരാണ് ഉള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്