പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ തടിയൂർ കുരിശുവട്ടം മണക്കാലപുറത്ത് വീട്ടിൽ ടോജി ഫിലിപ്പ് (30) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇപ്പോൾ 18 വയസ്സുള്ള പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുമ്പാണ് കാമുകനിൽ നിന്നും പീഡനം നേരിടേണ്ടിവന്നത്.

2021 ജനുവരി നാലു മുതൽ പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി, തട്ടിക്കൊണ്ടുപോയ ശേഷം, കുട്ടിയുടെ ബന്ധുവീട്ടിൽ വച്ച് ആവർത്തിച്ചും പിന്നീട് കഴിഞ്ഞ 20 ന് കുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. വനിതാ ഹെൽപ്ലൈൻ നമ്പരിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വനിതാ പൊലീസ് വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ച പൊലീസ് ഇന്നലെ പുലർച്ചെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ 164 സി ആർ പി സി പ്രകാരമുള്ള മൊഴി തിരുവല്ല ജെ എഫ് എം സി രണ്ട് കോടതി രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.