അടൂർ: മോതിരം വാങ്ങാനെന്ന വ്യാജേനെ ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന നെക്ലേസുമായി കടന്ന മോഷ്ടാവിനെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കി. കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ അഭിലാഷാ(32)ണ് പിടിയിലായത്. സെൻട്രൽ ടോളിനു സമീപമുള്ള മുഗൾ ജൂവലറിയിൽ നിന്നാണ് നെക്ലേസ് മോഷ്ടിച്ചശേഷം ഇയാൾ കടന്നത്. തിങ്കൾ ഉച്ചയ്ക്ക് 2.30നാണ് സംഭവം.

ജൂവലറിയിലെത്തി സ്വർണ മോതിരം ആവശ്യപ്പെട്ട ഇയാൾ ഒന്നു രണ്ടെണ്ണം നോക്കിയ ശേഷം ഭാര്യ വരാനുണ്ടെന്ന പറഞ്ഞ് ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് സ്വർണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് സെയിൽസ്മാൻ പോയ തക്കത്തിന് പ്രതി ഷെൽഫിൽ നിന്നും നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളുടെ പിന്നാലെ ജീവനക്കാർ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അമ്പതോളം ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി രക്ഷപെട്ട വാഹനം സംബന്ധിച്ച് സൂചന ലഭിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും ഡ്രൈവറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പത്തിലധികം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ പെരിങ്ങനാട് പുത്തൻചന്തയിലുള്ള ഭാര്യാഗൃഹത്തിലാണ് താമസം. രാത്രി വീട്ടിലെത്തിയ ഇയാളെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ എം. മനീഷ്, ഹാറൂൺ റഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സോളമൻ ഡേവിഡ്, രാജ്കുമാർ, സൂരജ്.ആർ. കുറുപ്പ്, സിവിൽ പൊലീസ് ഓഫീസർ അൻസാജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.