പത്തനംതിട്ട: കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് കാപ്പാ പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാവിളയാട്ടം. വിവരമറിഞ്ഞ് അന്വേഷിക്കാൻ ചെന്ന എസ്ഐയെയും പൊലീസുകാരനെയും ഗുണ്ടാസംഘം മർദിച്ചു. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. പക്കാനം ഓവിൽപ്പീടിക സ്വദേശികളായ കാപ്പാകേസ് പ്രതി ശേഷാ സെൻ, സുഹൃത്തുക്കളായ രാഹുൽ, ജിതിൻ, അശോക്, രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

പ്രക്കാനം കൈതവനപ്പടിയിൽ തിങ്കളാഴ്ച രാവിലെ 11 നായിരുന്നു സംഭവം. സുരേഷ് എന്നയാൾ കരാറെടുത്ത കെട്ടിട നിർമ്മാണ സ്ഥലത്തായിരുന്നു പ്രതികളുടെ അക്രമം. സുരേഷിന്റെ പരാതി പ്രകാരം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഇലവുംതിട്ട സ്റ്റേഷനിലെ എസ്‌ഐമാരായ ശശിധരൻ, അനിൽ, എസ്.സി.പി.ഓ സുധിലാൽ, സി.പി.ഓ അരുൺ എന്നിവർ സ്ഥലത്ത് ചെന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ പ്രതികൾ അസഭ്യം വിളിച്ചു. എസ്‌ഐ ശശിധരനും സി.പി.ഓ അരുണിനും മർദനമേറ്റു.


വിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ശേഷാ സെൻ മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് മൂന്നാഴ്ചയാകുന്നതേയുള്ളൂ. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ കോഴഞ്ചേരി ജില്ലാശുപത്രിയിൽ ചികിൽസ തേടി.