കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്ത കക്കാട് റോഡിൽ വീട്ടിൽ നിന്നും ബുള്ളറ്റ് കവർന്ന കേസിൽ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരന്റെ വീട്ടിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് രണ്ടു യുവാക്കൾ അറസ്റ്റിലായത്. താഴെചൊവ്വയിലെ അജാസ്(36) കണ്ണൂക്കരയിലെ ആർ. മുനവീർ (28) എന്നിവരാണ് കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശിയായ അബ്ദുൽ ഖാദറിന്റെ ബുള്ളറ്റ് കക്കാട് അരയാൽ തറയിലുള്ള വീട്ടിൽ നിന്നാണ് പ്രതികൾ മോഷ്ടിച്ചത്. മൂന്നംഗസംഘമാണ് ബുള്ളറ്റ് കവർന്നത്. ഇവർ ബുള്ളറ്റ് മോഷ്ടിക്കുന്നത് സി.സി.ടി.വി ക്യാമറാദൃശ്യങ്ങളിൽ നിന്നും പൊലിസിന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജാസും മുനവീറും പിടിയിലായത്.

കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് കണ്ണൂർ സി. ഐ ബിനുമോഹൻ അറിയിച്ചു. പ്രതികൾ നേരത്തെ കഞ്ചാവ്, എം.ഡി. എം. എ കൈവശംവെച്ച കേസിലെ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ഇവർ മോഷ്ടിച്ച ബുള്ളറ്റും മൂന്നാമത്തെ പ്രതിയെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.

പ്രദേശത്തെ സി.സി.ടി. വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഏകദേശം രണ്ടരലക്ഷം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റാണ് പ്രതികൾ മോഷ്ടിച്ചത്. മൂന്നാം പ്രതിയാണ് ഇതുകടത്തിക്കൊണ്ടു പോയതെന്നാണ് വിവരം. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റുവാഹനമോഷണ കേസുകളിൽ ഇവർ പ്രതികളാണോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് പൊലിസിന്റെ തീരുമാനം. നേരത്തെ പുതിയ തെരുവിലെ ബൈക്ക് ഷോറൂമിൽ നിന്നും ആഡംബരബൈക്ക് ഇതിനുസമാനമായി മോഷ്ടിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.