തലശേരി:ന്യൂ മാഹി മുണ്ടോക്കിൽ വയോധികയായ മുൻ അദ്ധ്യാപികയെ വീട്ടിൽ കയറി ഇരുമ്പ് വടികൊണ്ടു തലയ്ക്ക്അടിച്ചുവീഴ്‌ത്തി ഫോൺ കവർന്ന സേലം കള്ളക്കുറിച്ചി സ്വദേശിയായ പതിനാറുകാരനെ മാഹി പൊലീസ് അറസ്റ്റു ചെയ്തു പുതുച്ചേരി ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാഹി മുണ്ടോക്കിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപിക മീറയുടെ (75) വീട്ടിലാണ് ഞായറാഴ്ച അതിക്രമിച്ചുകടന്ന കുട്ടി മോഷ്ടാവ് വിലപിടിപ്പുള്ള ഐ ഫോൺ കവർന്നത്. കിടപ്പ് മുറിയിലെ അലമാര വലിച്ചിട്ട നിലയിലായിരുന്നു. പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. പുതുച്ചേരി സംസ്ഥാനത്തെ കള്ളക്കുറിച്ചിയിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ വീടിനുസമീപത്തുള്ള വീട്ടിലാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിൽനിന്നാണ് തിരിച്ചറിഞ്ഞത്.

മാഹി സിഐ എം ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അദ്ധ്യാപികയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. മോഷണശ്രമം എതിർക്കുന്നതിനിടെ വയോധികയ്ക്ക് അതിക്രൂരമായ മർദ്ദനം ഏറ്റിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ധ്യാപിക സുഖംപ്രാപിച്ചു വരികയാണെന്നു ബന്ധുക്കൾ അറിയിച്ചു. കുട്ടി മോഷ്ടാവിനെ പുതുച്ചേരി ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.