- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്നത് പണം മോഷ്ടിക്കാൻ; ലോക്കർ തുറക്കാൻ പറ്റാതെ വന്നതോടെ മുന്തിയ ഇനം മദ്യം മോഷ്ടിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ; പിടിയിലായത് മറ്റൊരു മോഷണക്കേസിൽ കസ്റ്റഡിയിൽ ആയപ്പോൾ
തിരുവല്ല: ബിവറേജസ് കോർപ്പറേഷൻ ഔട്ടലെറ്റ് കുത്തിത്തുറന്ന് മുന്തിയ മദ്യം മോഷ്ടിച്ച കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ കമലാഗച്ച് വില്ലേജിൽ ഷംസുജഹ (32), വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ജാനകിഗച്ച് വില്ലേജിൽ മുക്താർ ഉൾഹഖ് (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഏപ്രിൽ 29 ന് വള്ളംകുളം പാടത്തുംപാലത്ത് പ്രവർത്തിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റാണ് കുത്തി തുറന്ന് മോഷണം നടത്തിയത്.
ഷട്ടറിന്റെ താഴു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ പണം സൂക്ഷിക്കുന്ന ലോക്കർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വില കൂടിയ മദ്യക്കുപ്പികളുമായി കടന്നു കളയുകയായിരുന്നു. ഔട്ട്ലെറ്റിന് ഉള്ളിലെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാലടിയിലെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ കഴിഞ്ഞ ദിവസം കാലടി പൊലീസിന്റെ പിടിയിലായിരുന്നു.
അവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വള്ളംകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിലും മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചത്. തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ തിരുവല്ല പൊലീസ് ആലുവ സബ് ജയിലിൽ നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറിമാറി താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്