- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാച്ചിറ സഹകരണബാങ്കിൽ യുവതി നിക്ഷേപിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; അധ്യാത്മിക പ്രഭാഷകനും കോൺഗ്രസ് നേതാവുമായ പ്രവീൺ പനോന്നേരി അറസ്റ്റിൽ
കണ്ണൂർ: ബാങ്കിൽ നിക്ഷേപിച്ച 21,70,000 രൂപയും രണ്ടരപവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ അധ്യാത്മിക പ്രഭാഷകനും ജ്യോതിഷിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ മുൻ മാനേജർ റിമാൻഡിൽ. കാടാച്ചിറ സഹകരണബാങ്കിൽ നിന്നും തട്ടിപ്പുനടത്തിയ ആഡൂർ സ്വദേശി പ്രവീൺ പനോന്നേരിയാ(47)ണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ തലശേരി തിരുവങ്ങാടുവച്ചാണ് എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടനും സംഘവും പ്രതിയെ പിടികൂടി തലശേരി കോടതിയിൽ ഹാജരാക്കിയത്. ബാങ്കിലെ നിക്ഷേപകയായ ചെമ്പിലോട് തന്നട സ്വദേശിനി രജനിയുടെ പരാതിയിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
2020 ജൂൺ പതിനൊന്നിനാണ് 21,70,000 രൂപ രജനി ബാങ്കിൽ നിക്ഷേപിച്ചത്. പ്രവീൺ പനോന്നേരി യുവതിയുടെ കുടുംബസുഹൃത്തായിരുന്നു. ഈ പരിചയവും ഉയർന്ന പലിശയും വാഗ്ദാനം ചെയ്തതുകൊണ്ടാണ് പണം നിക്ഷേപിച്ചത്. കാർഷിക വായ്പയെന്ന നിലയിൽ സ്വർണം വച്ചാൽ നാലുശതമാനം മാത്രമേ പലിശ നൽകേണ്ടതുള്ളൂവെന്നും ആ തുക ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ ഉയർന്ന പലിശ നൽകാമെന്നും വാഗ്ദാനം ചെയ്താണ് എഴുപതിനായിരം രൂപ കൂടി നിക്ഷേപിച്ചത്.
പണം നിക്ഷേപിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ അതു പുതുക്കാനെന്ന പേരിൽ പ്രവീൺ യുവതിയിൽ നിന്നും നിക്ഷേപ രസീത് കൈക്കലാക്കി. ബാങ്കിലേക്ക് വരേണ്ടതില്ലെന്നും താൻ പുതുക്കി വെച്ചോളാമെന്നും പറയുകയും ചെയ്തു. തുടർന്ന് യുവതിയറിയാതെ നിക്ഷേപ തുക പിൻവലിച്ചു തട്ടിയെടുത്തുവെന്നാണ് പരാതി. തട്ടിപ്പു മനസിലായതിനെ തുടർന്നാണ് രജനി എടക്കാട് പൊലിസിൽ പരാതി നൽകിയത്.
പൊലിസ് സംഭവത്തിൽ കേസെടുത്തുവെങ്കിലും പ്രാദേശിക കോൺഗ്രസ് നേതാവായ പ്രവീൺ പനോന്നേരിയെ അറസ്റ്റു ചെയ്യാൻ തയ്യാറായില്ല. ഇതേ തുടർന്ന് രജനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്രയും വലിയ തുക തട്ടിയെടുത്ത പ്രമാദമായ കേസിലെ പ്രതിയെ എന്തുകൊണ്ടു അറസ്റ്റു ചെയ്യുന്നില്ലെന്ന ചോദിച്ച ഹൈക്കോടതി പൊലിസിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം സുരേന്ദ്രൻ കല്യാടൻ സി. ഐയായി എടക്കാട് ചുമതലയേറ്റത്. തുടർന്നാണ് പ്രവീണിനെ പിടികൂടാൻ പൊലിസ് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ പൊലിസ് തെരഞ്ഞു പോയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തലശേരിഭാഗത്തുണ്ടെന്ന് വ്യക്തമായത്. തിരുവങ്ങാടു വച്ചാണ് പ്രവീൺ പനോന്നേരിയെ അറസ്റ്റു ചെയ്തത്. അനേഷണത്തിൽ എസ്. ഐമാരായ എൻ.വിജേഷ്, റാംമോഹൻ, സി.പി.ഒ മാരായ സൂരജ്, സിസിൽ, പ്രബീഷ് എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ