കൊച്ചി: ആകർഷകമായ പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും വൻ തുകകൾ സ്വീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിച്ചെടുത്ത കമ്പനി ഡയറക്ടരേയും ജീവനക്കാരനേയും അറസ്റ്റു ചെയ്തു. ചേരാനെല്ലൂർ എടയപ്പുറം അറക്കൽ വീട്ടിൽ ജെയിസൺ ജോയി, (42), ആലപ്പുഴ മാവേലിക്കര ചാവടിയിൽ കുട്ടിയിൽ വീട്ടിൽ ഷിനാജ് ഷംസുദ്ദീൻ (28), ചേരാനെല്ലൂർ എടയപ്പുറം അറക്കൽ വീട്ടിൽ ജാക്‌സൺ ജോയി (39), എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്.

തൃക്കാക്കര വള്ളത്തോൾ നഗറിൽ നടത്തി വന്ന റിങ്‌സ് പ്രമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മാസം തോറും ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഫേസ് ബുക്കിൽ പരസ്യം ചെയ്താണ് യുവാക്കളെ ആകർഷിച്ചത്. ആളുകൾ സ്ഥാപനത്തിൽ നിക്ഷേപിക്കുന്ന പണം വിവിധ ബിസിനസുകളിലും ഇ കൊമേഴ്‌സ് ഇടപാടുകളിലും മുതൽ മുടക്കി അതിൽ നിന്നും കിട്ടുന്ന ലാഭം വീതിച്ചു കൊടുക്കും എന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ നിരവധി പേർ പണം നിക്ഷേപിച്ചു കഴിഞ്ഞപ്പോൾ അവരുമായി ഉണ്ടാക്കിയ എഗ്രിമെന്റുകൾ നിലനിൽക്കില്ലെന്നും തങ്ങളുടെ പ്രൊഡക്ട്‌സ് വിൽക്കുന്ന ഫ്രാഞ്ചൈസികളായാൽ മാത്രമേ ഇടപാടു തുടരാൻ സാധിക്കുകയുള്ളൂ എന്നു പറഞ്ഞു മറ്റൊരു എഗ്രിമന്റ്‌റിൽ ഒപ്പു വയ്പിക്കുകയും, മുടക്കിയ ലക്ഷങ്ങൾ തിരിച്ചു കിട്ടാൻ വേറെ മാർഗ്ഗമില്ലാതെ വന്നപ്പോൾ പലരും കമ്പനി പറയുന്നതനുസരിച്ച് വാടകക്ക് കടമുറികൾ എടുത്ത് കമ്പനി പറയുന്ന പ്രകാരം പ്രവർത്തിക്കുകയും, 2023 മെയ് മാസത്തിൽ കമ്പനി എത്തിച്ചു നൽകിയ 20 കിലോ മാട്ടിറച്ചി അഴുകിയതാണെന്നു പറഞ്ഞ് ആളുകൾ വാങ്ങാതിരിക്കുകയുമായിരുന്നു.

സഹോദരങ്ങൾ മാനേജിങ് ഡയറക്ടറും ഡയറക്ടറുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് പണം നഷ്ടപ്പെട്ടവർ എത്തിയപ്പോൾ ഭീഷണി മുഴക്കി പറഞ്ഞയക്കുകയായിരുന്നു. പണം തിരികെ ചോദിക്കുന്നവരെ വക്കീൽ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. പിരിഞ്ഞു പോകുന്ന നിക്ഷേപകരോട് പുതിയതായി നാലു പേരെ നിക്ഷേപകരായി എത്തിച്ചാൽ മാത്രമേ പണം തിരികെ തരികയുള്ളൂ എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ശശിധരൻ IPS ന്റെ നിർദ്ദേശ പ്രകാരം തൃക്കാക്കര അസിസ്റ്റന്റെ പൊലീസ് കമ്മീഷണർ പി.വി ബേബിയുടെ മേൽ നോട്ടത്തിൽ ഇൻസ്‌പെക്ടർ ഷാബു, സബ് ഇൻസ്‌പെക്ടർമാരായ റഫീഖ്, ധർമ്മജൻ, സിപിഒ നക്ഖഷാദ്, വൈശാഖ് എന്നിവർ ചേർന്നാണ് ആലുവ കാർമൽ ആശുപത്രിക്കു സമീപം വാടക വീട്ടിൽ നിന്ന് പ്രതികളെ അറസ്റ്റു ചെയ്തത്.