കൂത്തുപറമ്പ്: കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഴശി കയനി സ്വദേശിയായ യുവാവിനെ പൊലിസ് കാപ്പ ചുമത്തി ജയിലിൽ അടച്ചു. മട്ടന്നൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കയനി ദേവർ ഗാഡ് താമസിക്കുന്ന യുവാവിനെയാണ് കാപ്പ ചുമത്തി കണ്ണുർ സെൻട്രൽ ജയിലിൽ അടച്ചത്.

ചിറമ്മൽഹൗസിൽ വി.ജ്യോതിഷിനെയാ(31)ണ് മട്ടന്നുർ പൊലിസ് ശനിയാഴ്‌ച്ച രാവിലെ പത്തുമണിക്ക് കുത്തുപറമ്പിൽ നിന്നും അറസ്റ്റു ചെയ്തത്. കണ്ണുർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ റിപ്പോർട്ടു പ്രകാരം കണ്ണുർ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ ഉത്തരവു പ്രകാരമാണ് നടപടി.

ഇയാൾക്കെതിരെ മട്ടന്നുർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതക ശ്രമം, ആയുധം കൈവശംവയ്ക്കൽ എന്നീ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുത്തുപറമ്പ് സബ് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് മട്ടന്നുർ സി. ഐയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പാനൂർ സ്വദേശിയായ യുവാവിനെയും കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ കാപ്പ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജാമ്യമില്ലാതെ വിയ്യൂർ സെൻട്രൽ ജയിലിലാണുള്ളത്.