മലപ്പുറം: അരീക്കോട് മീഞ്ചിറയിലെ സ്വകാര്യ മരമില്ലിൽ നിന്നും വിൽപനക്കായുള്ള എം.ഡി.എം.എയുമായി അരീക്കോട് സ്വദേശികൾ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് സംഘത്തിൽപെട്ട മൂന്നുപേർ കൂടി പിടിയിലായി. വിദേശ വ്യവസായി അരീക്കോട് കീഴുപറമ്പ് കുനിയിൽ സ്വദേശി ഷഫീഖ് എന്ന കോസ്മോ ഷഫീഖ് (36), റിയാലിറ്റി ഷോകളിലും ഗൾഫ് പ്രോഗ്രാമുകളിലും പങ്കെടുക്കുന്ന പ്രശസ്ത ഗായകനും റെഡ്ബാൻഡ് മ്യൂസിക്ക് ട്രൂപ്പ് ഉടമയുമായ അരീക്കോട് പൂവുങ്ങൽ വീട്ടിൽ റാസിക്ക് എന്ന റാസിക്ക് റഹ്‌മാൻ ( 38 ) , അരീക്കോട് കാവനൂർ മീഞ്ചിറ സ്വദേശി നെച്ചിത്തൊടവൻ ജമാലുദ്ദീൻ ( 31 ) എന്നിവർ ആണ് പിടിയിലായത്.

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന അന്തർ ജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. ലഹരി കടത്താൻ ഉപയോഗിച്ച കാറും ലഹരി വില്പനയിൽ നിന്നും ലഭിച്ച 23,000 ഓളം രൂപയും ഷഫീഖിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 50 ഗ്രാമോളം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം മീഞ്ചിറ സ്വദേശികളായ പരപ്പൻ സുഹൈൽ, പാത്തിക്കൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്നിവരെ പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് ഇൻസ്പക്ടർ അബ്ബാസലിയുടെ നേതൃത്വത്തിൽ ഡൻസാഫ് ടീമംഗങ്ങളും അരീക്കോട് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ഓട് പാകുന്ന ബിസിനസിന്റെ മറവിൽ വിൽപനക്കായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എയുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ ഇന്നലെ പിടിയിലായിലായിരുന്നു. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പിൽ പരപ്പൻ സുഹൈൽ ( 32 ), പാത്തിക്കൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ (20) എന്നിവരാണ് പിടിയിലായത്.

മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാൽ മില്ലിൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലിൽ അതിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡിൽ വച്ച് വില്പനക്കായി എം.ഡി.എം.എ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവർ പിടിയിലായത്.

ഇവരിൽ നിന്നും 50 ഗ്രാമോളം എം.ഡി.എം.എയും ഡിജിറ്റൽ ത്രാസ്റ്റ്, ഗ്ലാസ് ഫണൽ, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ഇവർ വില്പനക്കായി ഉപയോഗിക്കുന്ന ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ ഓട് പാകുന്ന ബിസിനസിന്റെ മറവിലാണ് ഇവർ ലഹരി വില്പന നടത്തി വന്നിരുന്നത്.ഇവർക്ക് വൻ തോതിൽ ലഹരി എത്തിച്ചു നൽകുന്ന ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

ലഹരിക്കടത്തിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് ഇൻസ്പക്ടർ അബ്ബാസലിയുടെ നേതൃത്വത്തിൽ ഡൻസാഫ് ടീമംഗങ്ങളും അരീക്കോട് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.