- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുക്ക് പ്രിന്റിങ് എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ചു വിതരണം; പത്തനാപുരം സ്വദേശി ക്രൈംബ്രാഞ്ചിന്റെ വലയിലായി
തിരുവല്ല : ബുക്ക് പ്രിന്റിങ് എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്തിരുന്ന പത്തനാപുരം സ്വദേശി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ ബുക്ക് പ്രിന്റിങ് എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച കേസിലാണ് പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ അനസ് എന്ന് വിളിക്കുന്ന അനീഷ് (38) നെ ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുവാൻ ശ്രമിച്ചെന്ന വാടക വീട്ടുടമയുടെ പരാതിയിൽ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസിൽ പരാതി നൽകിയത് അറിഞ്ഞ് സ്ഥലത്തുനിന്നും മുങ്ങിയ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നാണ് പിടികൂടിയത്.
വാടകയ്ക്ക് താമസിച്ച് ഏഴംകുളം പ്ലാന്റേഷൻ മുക്കിലുള്ള വാടക വീട്ടിലും, നോട്ട് അച്ചടിക്കാൻ കമ്പ്യൂട്ടർ മേടിച്ച പന്തളത്തുള്ള കടയിലും കള്ളനോട്ടുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്റിങ് മെഷീനുകൾ വാങ്ങിച്ച കോട്ടയത്ത് ഉള്ള സ്ഥാപനത്തിലും തിരുവല്ലയിൽ ഉള്ള പ്രമുഖ ഫോട്ടോ കോപ്പി സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.
ക്രൈംബ്രാഞ്ച് എസ്‌പി എൻ.രാജൻ, ഡിവൈഎസ്‌പി കെ.ആർ പ്രദീക്ക് എന്നിവരുടെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ അൽത്താഫ്, എഎസ്ഐ ജോയ്‌സ് ചാക്കോ , സി.പി ഒമാരായ അജീവ് കുമാർ , അനുരാഗ് , മുരളീധരൻ , എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യുന്നതിന് ശേഷം പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്