കോയിപ്രം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പലതവണ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ സിയാദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാസി(23)യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

കുട്ടിയുമായി അടുപ്പത്തിലായശേഷം, കഴിഞ്ഞവർഷം സെപ്റ്റംബർ 17 ന് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള ഒരു വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. വീടിന്റെ ഹാളിനോട് ചേർന്ന മുറിയിൽ വച്ച് പീഡിപ്പിച്ചശേഷം, കുട്ടിയുടെ നഗ്‌നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇത് എല്ലാവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടർന്നും കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. 2022 ഡിസംബർ 23 നും, ഈവർഷം ഫെബ്രുവരി 14 നും തിരുവല്ലയിൽ നിന്നും കൊല്ലത്തേക്ക് ട്രെയിനിൽ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.

ഈമാസം ഒന്നിന് സ്റ്റേഷനിലെത്തിയ പെൺകുട്ടി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, മൊഴി രേഖപ്പെടുത്തി, പ്രതിക്കെതിരെ ബലാൽസംഗത്തിനും തട്ടിക്കൊണ്ടുപോകലിനും, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തുകയും, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതിയെപ്പറ്റി നടത്തിയ അന്വേഷണത്തെതുടർന്ന് ഇന്നലെ പുലർച്ചെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പിൽ മൊബൈൽ ഫോണും സംഭവസമയം ധരിച്ചിരുന്ന വസ്ത്രങ്ങളും കമ്പ്യൂട്ടർ ഹാഡ് ഡിസ്‌കും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ എസ് ഐമാരായ സുധീഷ്, ഷിറാസ്, സി പി ഓ സുജിത് പ്രസാദ് എന്നിവരാണ് സംഘത്തിലുള്ളത്.