കൂടൽ: പ്രണയം നടിച്ച് പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. തണ്ണിത്തോട് മണ്ണീറ വടക്കേക്കര ചരിവു കാലായിൽ വീട്ടിൽ നിന്നും അള്ളുങ്കൽ പ്ലാന്റേഷൻ കോർപറേഷൻ എ ഡിവിഷനിൽ താമസിക്കുന്ന അനീഷി(22)നെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കഴിഞ്ഞ ഡിസംബർ 10 മുതൽ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നാണ് കുട്ടി പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് കലഞ്ഞൂർ ക്ഷേത്രത്തിനു സമീപം വച്ചാണ് ലൈംഗിക അതിക്രമം കാട്ടിയത്. അതിന് ശേഷം ബൈക്കിൽ കുട്ടിയെ കയറ്റി വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇറക്കി വിട്ടു. മുൻപും പല തവണ ബൈക്കിൽ കയറ്റിക്കൊണ്ടു നടന്ന് കുട്ടിയെ നിർബന്ധിച്ച് നഗ്നഫോട്ടോകൾ മൊബൈൽ വഴി കൈവശപ്പെടുത്തിയെന്ന് പറയുന്നു. വിവരം വീട്ടിൽ കുട്ടി അറിയിച്ചതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവിന്റെ മൊഴിപ്രകാരമെടുത്ത കേസിൽ മണിക്കൂറുകൾക്കുള്ളിൽ കൂടൽ പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയിരുന്നു.

എസ് ഐ ഷെമി മോളാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എഎസ്ഐ വാസുദേവകുറുപ്പ്, സിപിഓമാരായ വിൻസെന്റ് സുനിൽ, ഫിറോസ്, അരുൺ, പ്രവീൺ, അനൂപ് എന്നിവരും ഉണ്ട്.