വടശേരിക്കര: പരിചയക്കാരനായ വയോധികനെ മുൻവിരോധം കാരണം കമ്പിക്കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പെരുനാട് പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെ 2.15 ന് വടശ്ശേരിക്കര മാർക്കറ്റിലെ ഷെഡിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാൽ വീട്ടിൽ ബിനു മാത്യു (46) ആണ് അറസ്റ്റിലായത്. വടശ്ശേരിക്കര കല്ലോൺ വീട്ടിൽ സേതുരാമൻ നായർ(65)ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പിടിവലിക്കിടയിൽ വലതുകണ്ണിനു താഴെയും നെറ്റിയിലും കുത്തി മുറിവേൽപ്പിക്കുകയും, വയറിൽ കുത്തി ഉരവുണ്ടാക്കുകയും, പിൻഭാഗത്ത് അടിച്ചു ചതവ് സംഭവിക്കുകയും ചെയ്തു എന്നാണ് കേസ്.

ചികിത്സയിൽ കഴിഞ്ഞുവന്ന സേതുരാമൻ നായരുടെ മൊഴിവാങ്ങി എസ് ഐ റെജി തോമസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ ഉച്ചക്ക് വടശ്ശേരിക്കരയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ പൊലീസ് ബന്തവസ്സിലെടുത്തു. പ്രതിയുടെ നിരന്തരശല്യം കാരണം വീട്ടുകാർ സ്ഥലം വിട്ടുപോയി പാമ്പാടിയിലാണ് താമസം. ഇയാൾ വടശ്ശേരിക്കരയിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ഇയാളുടെ ദേഹത്തും പരിക്കുണ്ട്, മൊഴിവാങ്ങി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.