കൊച്ചി: കളമശ്ശേരി, കൂനംതൈയിൽ പ്രവർത്തിക്കുന്ന ബിപിസിഎൽ പെട്രോൾ പമ്പിലെ ജീവനക്കാരെ ആക്രമിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച ആറംഗ സംഘത്തെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ, തൈക്കാട്ടുകര, പുത്തൻ പീഡിയേക്കൽ വീട്ടിൽ , നിഷാദ് മകൻ ബിൻഷാദ് (വയസ്സ് - 26), ആലുവ, തൈക്കാട്ടുകര, മന്ത്രക്കൽ ജംക്ഷനിൽ , കരിപ്പായി വീട്ടിൽ , നൗഷാദ് മകൻ , മുഹമ്മദ് സുഹൈൽ (വയസ്സ് 24), ആലുവ, തൈക്കാട്ടുകര, മന്ത്രക്കൽ ജംക്ഷനിൽ , രാജു മകൻ വിഷ്ണു (വയസ്സ് 30), വരാപ്പുഴ, കരിങ്ങാത്തുരുത്ത് , വെളുത്തേടത്ത് വീട്ടിൽ , ജഹാങ്ഗീർ മകൻ , റിഫാസ് (വയസ്സ് 28), ആലുവ, തൈക്കാട്ടുകര, അമ്പാട്ടുകാവ്, പ്ലാപ്പിള്ളി പറമ്പ് വീട്ടിൽ ചന്ദ്രൻ മകൻ വിശ്വജിത്ത് ചന്ദ്രൻ (വയസ്സ് 26), മലപ്പുറം, അണ്ടാവൂർ, തിരുനാവായ്, ചിറ്റകാട്ട് വാരിയതാഴത്ത് വീട്ടിൽ , അഷ്‌റഫ് മകൻ മുഹമ്മദ് അസ്ലം (വയസ്സ് 26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച കാറിൽ സിഎൻജി നിറയ്ക്കുമ്പോൾ വാഹനത്തിൽ നിന്നും ഇറങ്ങാതിരുന്നതിനെ ചൊല്ലി പ്രതികളായ മുഹമ്മദ് അസ്ലമും കൂട്ടരും പെട്രോൾ പമ്പിലെ ജീവനക്കാരുമായി തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആറംഗ സംഘം ഇന്നലെ രാത്രിയോടെ പമ്പിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്.

കാറിൽ എത്തിയ സംഘം ജോലി ചെയ്തു കൊണ്ടിരുന്ന ജീവനക്കാരെ പുറകിലൂടെ വന്ന് ജാക്കി ലിവറും ബിയർ കുപ്പികളും മറ്റും ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പെട്രോൾ പമ്പിലെ ജീവനക്കാരെ ഇടപ്പള്ളിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സംഭവം അറിഞ്ഞ് പൊലീസ് എത്തും മുൻപേ പ്രതികൾ കാറിൽ രക്ഷപ്പെട്ടിരുന്നു. ഉടൻ തന്നെ കളമശ്ശേരി ഇൻസ്‌പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ഇവർ വൈറ്റില ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

പിടികൂടിയ ആറംഗ സംഘം എറണാകുളം സിറ്റി, റൂറൽ ജില്ലകളിൽ മോഷണം, പിടിച്ചുപറി, ലഹരി എന്നിങ്ങനെ വിവിധ കേസുകളിലെ പ്രതികളാണ്. കൊച്ചി സിറ്റി സൈബെർ സെല്ലിന്റെ സഹായത്തോടെ കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിപിൻദാസ്, സബ് ഇൻസ്‌പെക്ടർ സുബൈർ എസ് സി പി ഒ ശ്രീജിത്ത് സിപിഒമാരായ ഷിബു, വിനീഷ്, നിഷാദ്, വിപിൻ, ശരത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.