- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി വീഡിയോ പകർത്തി; കൊച്ചിയിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ. ഇൻഫോപാർക്കിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന കണ്ണൂർ , ഓണക്കുന്ന്, കരുവള്ളൂർ , മുല്ലേഴിപ്പാറ വീട്ടിൽ അഭിമന്യു എം എ(23) എന്ന ബിടെക് ബിരുദധാരിയായ യുവാവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 09:00 മണിയോടെ ലുലു മാളിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുലു മാളിൽ എത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന പർദ്ദ ഒരു ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ധരിക്കുകയും, തുടർന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളിൽ കയറുകയുമായിരുന്നു. ശുചിമുറിക്കുള്ളിൽ കയറിയതിനുശേഷം ഇയാളുടെ പക്കൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേർത്ത് ഒട്ടിച്ചു വെച്ചു.
പുറത്തിറങ്ങിയ പ്രതി ശുചിമുറിയുടെ പ്രധാന വാതിലിന് മുൻപിൽ നിന്നു പരുങ്ങിയതോടെ സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പെൺ വേഷം കെട്ടിയതാണെന്നും, ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്ന കാര്യവും വെളിവാകുന്നത്.
ഇയാൾ വീഡിയോ പകർത്തുവാൻ ഉപയോഗിച്ച മൊബൈൽ ഫോണും ധരിച്ചിരുന്ന പർദ്ദയും മറ്റും പൊലീസ് പിടിച്ചെടുത്തു. കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിപിൻദാസ്, സബ് ഇൻസ്‌പെക്ടർ അജയകുമാർ , അസ്സി സബ് ഇൻസ്‌പെക്ടർ മനാഫ് സീനിയർ സി പി ഒ സുമേഷ് , അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (വോയൂറിസം) സെക്ഷൻ 354(C), (ആൾമാറാട്ടം) 419 & ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 66(E) എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ മറ്റ് സ്ഥാപനങ്ങളിൽ ചെന്ന് ഇപ്രകാരം വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.




