- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനു മൂക്കിനു താഴെ പൊലീസുകാരന്റെ തന്നെ ബുള്ളറ്റ് മോഷ്ടിച്ചത് നാണക്കേടായി; മോഷണം കള്ളത്താക്കോലിട്ട്; ഒടുവിൽ പ്രതി ഇരിക്കൂറിൽ നിന്ന് പിടിയിലായപ്പോൾ ആശ്വാസം
കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അന്തർ സംസ്ഥാന മോഷണ കേസുകളിലെ പ്രതിയായ പാലക്കാട് ചെറുനിലയം ഹൗസിൽ രതീഷിനെയാ(30)ണ് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
ഇരിക്കൂറിൽ ഒരു ബേക്കറിയിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു പ്രതിയെന്ന് കണ്ണൂർ ടൗൺ സി. ഐ ബിനുമോഹൻ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച കണ്ണൂർ ടൗൺ സ്റ്റേഷനടുത്തെ പൊലീസ് സഭാഹാളിന് സമീപമുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന കെ എൽ 13- എ. എസ് 6145 ബുള്ളറ്റാണ് പ്രതി കള്ളതാക്കോൽ ഉപയോഗിച്ചു തുറന്ന് മോഷ്ടിച്ചത്.
ബുള്ളറ്റെടുക്കാനായി എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺപൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കുറിച്ചു അന്വേഷണം തുടങ്ങുമ്പോൾ യാതൊരു തുമ്പും ലഭിച്ചില്ലെന്നും കണ്ണൂർ ടൗൺ സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്നും സി. ഐ ബിനുമോഹൻ അറിയിച്ചു.
കാൽടെക്സ്, താണ എന്നിവടങ്ങളിൽ നിന്നും പ്രതിയായ രതീഷ് ബുള്ളറ്റുമായി കടന്നു പോകുന്ന ചിത്രം കണ്ടെത്തുകയും ഇതേ തുടർന്ന് ഇയാൾ മേലെചൊവ്വ വഴി ഇരിക്കൂർ ഭാഗത്തേക്ക് പോയതായി വ്യക്തമാവുകയായിരുന്നു. ഇതിനു ശേഷമാണ് ഇരിക്കൂറിൽ നിന്നും പ്രതിയെ പിടികൂടുന്നത്. കേരളത്തിൽ ഇയാൾക്കെതിരെ വാഹനമോഷണ കേസുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
എന്നാൽ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ രതീഷിനെതിരെ വാഹനമോഷണകേസുകളുണ്ടെന്ന് ടൗൺ സി. ഐ പി. എബിനുമോഹൻ അറിയിച്ചു. കണ്ണൂർ ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ ഇതിനു മുൻപായി കാണാതായ വാഹനങ്ങൾ മോഷ്ടിച്ചത് ഇയാളാണോയെന്നു അന്വേഷിച്ചുവരികയാണ്. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും കണ്ണൂർ ടൗൺ സി ഐ ബിനുമോഹൻ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ കുറച്ചുകാലമായി ഇയാൾ താമസിച്ചുവരികയാണ്. ഇതിനിടെയിൽ വാഹനമോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനു മൂക്കിനു താഴെ നിന്നും ഒരു പൊലിസുകാരന്റെ തന്നെ ബുള്ളറ്റ് മോഷ്ടിച്ചത് പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. ദിവസങ്ങൾക്കുള്ളൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലിസ്.