-തിരുവല്ല: ബാറിൽ കയറി മദ്യപിച്ചതിന് ശേഷം പണം നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറംഗ ഗുണ്ടാസംഘം പുളിക്കിഴ് പൊലീസിന്റെ പിടിയിൽ.

തലവടി രാമഞ്ചേരിൽ വീട്ടിൽ ഷൈൻ (36), മകരച്ചാലിൽ വീട്ടിൽ സന്തോഷ്, (42), ചിറപറമ്പിൽ വീട്ടിൽ സനൽകുമാർ (26), വിളയൂർ വീട്ടിൽ മഞ്ചേഷ് കുമാർ (40), ദീപു (30), എൺപത്തിയഞ്ചിൽ ചിറയിൽ ഷൈജു (42 ) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ പുളിക്കിഴ് ഇന്ദ്രപ്രസ്ഥ ബാറിൽ ആയിരുന്നു സംഭവം. ബാറിലെ വെയിറ്റർ കൊല്ലം സ്വദേശി ജോൺ തലയ്ക്ക് ഗുരുതര പരുക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്.

കാറിൽ സംഘം ചേർന്ന് എത്തിയ പ്രതികൾ മദ്യപിച്ച ശേഷം പണം നൽകാതെ ബാറിൽ നിന്നും മടങ്ങാനൊരുങ്ങി. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ സംഘം ചേർന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റ് നിലത്ത് വീണ ജോണിനെ പ്രതികൾ നിലത്തിട്ട് ചവിട്ടി. തുടർന്ന് ബാർ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഇവർ എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായ ആറ് പേർക്ക് എതിരെയും പുളിക്കീഴ്, എടത്വ, കോയിപ്രം സ്റ്റേഷനുകളിൽ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പുളിക്കീഴ് എസ്‌ഐ ജെ. ഷെജിം പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.