കൊച്ചി: എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗിരിനഗറിൽ താമസിക്കുന്ന പരാതിക്കാരനിൽ നിന്നും സൂം ആപ്പ് വഴി കാർ വാടകക്കെടുത്ത് മുങ്ങുകയും കാർ തിരികെ കൊടുക്കാതെ ചതി ചെയ്ത കോട്ടയം, എടപ്പാടി ഭരണങ്ങാനം സ്വദേശി പാൻങ്കോട്ടിൽ വീട്ടിൽ മനോഹർ മകൻ അമൽ ജെയിനേയും കോട്ടയം മുണ്ടക്കയം സ്വദേശി പറയിൽപുരയിടം വീട്ടിൽ വിൽസൺ ജോൺ മകൾ വിൻസിമോൾ എന്നിവരെയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ ഫൈസൽ എം.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

പ്രതികൾ സൂം ആപ്പ് വഴി പരാതിക്കാരന്റെ മാരുതി ബലനോ കാർ വാടകക്കായി ആവശ്യപ്പെടുകയും ഓഗസ്റ്റ് 10ന് പ്രതികൾ ഗിരിനഗറിലുള്ള വീട്ടിൽ വന്ന് കാർ വാടകക്കായി കൊണ്ട്‌പോകുകയും ചെയ്തു. എന്നാൽ പിന്നീട് വാടക നൽകുകയോ കാർ തിരികെ നൽകുകയോ ചെയ്യാതെ കാറിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

ഇക്കാര്യത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. സൂം ആപ്പിനെ കുറിച്ചും മറ്റും അന്വേഷണം നടത്തിയതിൽ നിന്നും പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് മൊബൈൽ ലൊക്കേഷനും മറ്റും പരിശോധിച്ച് വരവെ പ്രതികൾ കോട്ടയം മുണ്ടക്കയം ഭാഗത്തുള്ളതായി വിവരം ലഭിക്കുകയും അന്വേഷണം സംഘം മുണ്ടക്കയത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയും വാടക്കെടുത്ത കാർ കോയമ്പത്തൂരിൽ കൊണ്ട് പോയി ജിപിഎസ് സംവിധാനം കട്ട് ചെയ്യുകയും കാർ മറ്റൊരാൾക്ക് മറിച്ച് വിറ്റതായും മറ്റും സമ്മതിച്ചിട്ടുള്ളതാണ്. എറണാകുളം അസി. കമ്മീഷണർ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ ശരത്ത് സി, സി അനിൽകുമാർ, അസി. സബ്ബ് ഇൻസ്‌പെക്ടർ ആനന്ദ്, സി.പി.ഒ മാരായ നിഖിൽ, സിന്ധു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാർ കണ്ടെത്തുന്നതിനും മറ്റ് പ്രതിക്കായും പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.