കണ്ണൂർ: കണ്ണൂർ ജില്ലയിൽ സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് വിൽപന നടത്തുന്നത് വ്യാപകമാകുന്ന സാഹചര്യത്തിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.വിപിൻകുമാറും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ വാഹന പരിശോധനയ്ക്കിടെയിലാണ് അഴീക്കോട് സ്വദേശിനി സ്നേഹ(26), തളിപ്പറമ്പ് കുറ്റ്യേരി പൂവ്വം സ്വദേശി പി.മുഹമ്മദ് മഷ്ഹൂദ്(26) എന്നിവർ പിടിയിലായത്.

ദമ്പതികൾ ചമഞ്ഞ് സ്‌കൂട്ടറിൽ സഞ്ചരിച്ചായിരുന്നു ഇവരുടെ മയക്കുമരുന്ന് വിൽപന. സ്നേഹയെ കൂടാതെ മറ്റുചില സ്ത്രീകളും മഷ്ഹൂദിന്റെ സംഘത്തിലുണ്ടായിരുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഇയാളുടെ സംഘത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി തളിപ്പറമ്പ് മുയ്യംറോഡിലെ പാലകുളങ്ങരയിൽ നടത്തിയ വാഹന പരിശോധനയിക്കിടെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിർത്തി കടന്നു കളയാൻ ഭാവിച്ച മഷ്ഹൂദിനെ അതിസാഹസികമായാണ് എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു.

യുവതിയുടെ പേരിലുള്ള സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപറമ്പ് മേഖലയിൽ മഷ്ഹൂദ് നിരവധി സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് വിൽപന നടത്തിയതായി എക്സൈസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. വിവാഹിതനായ ഇയാൾ പ്രണയം നടിച്ചാണ് യുവതികളെ വലയിലാക്കിയിരുന്നത്. പിന്നീട് അവരെ മയക്കുമരുന്ന് വിൽപനയ്ക്കായി ഉപയോഗിക്കുകയായിരുന്നു. നേരത്തെ കണ്ണൂർ നഗരത്തിലും സ്ത്രീകൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് റാക്കറ്റിനെ പൊലീസ് റെയ്ഡിൽ പിടികൂടിയിരുന്നു. ഇതിൽ പലരും ഇപ്പോൾ റിമാൻഡിലാണുള്ളത്. ദമ്പതികൾ വരെ പിടിയിലായ സാഹചര്യവുമുണ്ടായിട്ടുണ്ട്.