- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
മൊബൈൽ ഉപയോഗിക്കാത്ത തന്ത്രശാലി; ഭാര്യയെ ഫോണിൽ വിളിക്കുന്നതായി രഹസ്യവിവരം; കണ്ണൂരിലെ കുപ്രസിദ്ധ മോഷ്ടാവ് അട്ട ഗിരീഷ് ഒടുവിൽ കുടുങ്ങി
കണ്ണൂർ: കണ്ണൂരിൽ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് ഒടുവിൽ വലയിൽ വീഴ്‌ത്തി. നിരവധി ഭവനഭേദന മോഷണ കേസുകളിലെ പ്രതിയെ ഒടുവിൽ എടക്കാട് പൊലിസ് പിടികൂടി. ചിറക്കൽ അമ്പലം റോഡിലെ ഗിരീഷെന്ന അട്ട ഗിരീഷിനെയാ(49)ണ് എടക്കാട് സി. ഐസുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
2006-മുതൽ കണ്ണപുരം, വളപട്ടണം, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, എടക്കാട് തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി ഭവനഭേദന മോഷണകേസിലെ പ്രതിയാണ് ഗിരീഷ്. വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറി കവർച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലിസ് പറഞ്ഞു. മോഷണത്തിന് ശേഷം പണവുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. കഴിഞ്ഞ കുറെക്കാലമായി പൊലിസ് ഗിരീഷിനെ നിരീക്ഷിച്ചുവരികയായിരുന്നു. മൊബൈൽ ഫോൺ ഇയാൾ ഉപയോഗിച്ചിരുന്നില്ല. പൊലിസ് പിടികൂടുമെന്നതിനാൽ വീട്ടിലേക്ക് ഫോൺ വിളിക്കാറില്ലായിരുന്നു.
എന്നാൽ വീട്ടിലെ വിശേഷങ്ങളും അറിയുകയും ചെയ്തിരുന്നു. ഇതിനിടെയിൽ ഭാര്യയുമായി പ്രതി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ ഭാര്യയുടെ ഫോൺ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ വെള്ളിയാഴ്‌ച്ച രാത്രി പത്തുമണിയോടെ ഗിരീഷ് കണ്ണൂർ കാൽടെക്സിലെത്തിയതായി എടക്കാട് പൊലിസിന് വിവരം ലഭിച്ചു. തുടർന്ന് എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിൽ പ്രതിയെ തപ്പിയിറങ്ങുകയായിരുന്നു. കാൾ ടെക്സിനു സമീപത്തെ ഒരു ലോഡ്ജിൽ പ്രതിയുള്ളതായി വിവരം ലഭിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലോഡ്ജിൽ നിന്ന് ഭാര്യയോടൊപ്പം ഇയാളെ പിടികൂടുകയായിരുന്നു. എസ്. ഐ ബോസ്, സിവിൽ പൊലിസ് ഓഫീസർമാരായ സിസിൽ, ലെവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.




