- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന ടിക്കറ്റ് ഓൺ ലൈൻ വഴി ബുക്ക് ചെയ്തു ട്രാവൽ ഏജൻസികളിൽ നിന്നും ലക്ഷങ്ങൾ തട്ടി; ബി.ടെക് ബിരുദധാരി കണ്ണൂർ പൊലീസിന്റെ പിടിയിൽ; കാർത്തിക് പങ്കജാക്ഷൻ തട്ടിപ്പുനടത്തിയത് മുംബൈയിലെ ഓഫീസ് കേന്ദ്രീകരിച്ചെന്ന് പൊലീസ്
കണ്ണൂർ: ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു മുപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കണ്ണൂർ സി. ഐ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തു. തമിഴ്‌നാട് ഡിണ്ടിക്കലിൽ താമസിക്കുന്ന മലയാളിയും ബി.ടെക് ബിരുദധാരിയുമായ കാർത്തിക്ക് പങ്കജാക്ഷനെയാണ്(30) പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ കലക്ടറേറ്റിന് സമീപത്തെ സാൻഡാ മോണിക്കയെന്ന ട്രാവൽ ഏജൻസിയിൽ നിന്ന് ക്രെഡിറ്റായി ഡൽഹിയിലേക്കും മറ്റും വിമാനടിക്കറ്റെടുത്ത് പണം നൽകാതെ അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് തൃശൂർ ചാലക്കുടിയിലെ ഭാര്യ വീട്ടിൽ നിന്നും കാർത്തിക്കിനെ പൊലിസ് അറസ്റ്റു ചെയ്തത്.
നവി മുംബൈ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തിവരുന്ന പ്രതി കണ്ണൂരിന് പുറമേ, പയ്യന്നൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം, മധുരൈ എന്നിവടങ്ങളിൽ നിന്ന് മുപ്പതുലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്ക മുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വരെ യാത്രയുടെ രണ്ടുദിവസം മുൻപ് ട്രാവൽ ഏജൻസികളിൽ പണം നൽകാതെ ആ ടിക്കറ്റ് യാത്രക്കാർക്ക് മറിച്ചുവിറ്റ് പണം കൈക്കലാക്കുകയാണ് കാർത്തിക്കിന്റെ രീതി.
നവി മുംബൈ കേന്ദ്രീകരിച്ചു ഇയാൾക്ക് സ്വകാര്യ ട്രാവൽ ഏജൻസിയുണ്ടെന്നും ഇതിന്റെ മറവിലാണ് തട്ടിപ്പു നടത്തിയതെന്നും പൊലിസ്പറഞ്ഞു. കണ്ണൂരിലെ ട്രാവൽ ഏജൻസിയിൽ നിന്ന് അടുത്ത ദിവസങ്ങളിൽ അഞ്ചോളം ടിക്കറ്റുകൾ കൈക്കലാക്കിയ കാർത്തിക്ക് പണം കൊടുക്കാത്തതിനെ തുടർന്നാണ് സംസ്ഥാനത്ത് മുപ്പത്തിമൂന്ന് ബ്രാഞ്ചുകളുള്ള ട്രാവൽ ഏജൻസി പൊലിസിൽ പരാതി നൽകിയത്. കോഴിക്കോട് സൈബർ പൊലിസും സമാനമായ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചുവരികയാണെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ സി. ഐ ബിനുമോഹനനൊപ്പം എസ്. ഐമാരായ നസീബ്,സവ്യസാച്ചി, രാജേഷ്, നാസർ എന്നിവരുമുണ്ടായിരുന്നു.