- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിലാത്തറയിൽ യുവതിയുടെ രണ്ടരപവൻ താലി മാല പൊട്ടിച്ച പ്രതി പിടിയിൽ; വീട്ടമ്മയുടെ മാല കവർന്നത് വ്യാജനമ്പറുള്ള ബൈക്കിലെത്തി, ഷംനാസിനെ പൊലീസ് വലയിലാക്കിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ
തളിപ്പറമ്പ്: പിലാത്തറയിലെ മാലപൊട്ടിക്കൽ കേസിലെ പ്രതിയായ യുവാവ് ബേക്കലിൽ പൊലീസ് പിടിയിലായി. യുവതിയുടെ രണ്ടരപവൻ താലിമാല ബൈക്കിലെത്തി പിടിച്ചുപറിച്ച സംഭവത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായത്. കാസർഗോഡ് കളനാട് സ്വദേശിയും മേൽപ്പറമ്പ് കൂവതൊട്ടിൽ താമസക്കാരനുമായ ഷംനാസ് (30)നെയാണ് ബേക്കൽ ഡിവൈ.എസ്‌പി. സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂലായ്-26 ന് പിലാത്തറ ചുമടുതാങ്ങിയിലാണ് സംഭവം നടന്നത്. ചുമടുതാങ്ങിയിലെ ഗണേശന്റെ ഭാര്യ താത്രാടൻ വീട്ടിൽ ഷീജയുടെ(39)മാലയാണ് കവർന്നത്. വീട്ടിലേക്ക് നടന്നുപോകവെ കെ.എസ്.ടി.പി റോഡിൽ ചുമടുതാങ്ങിക്ക് സമീപത്താണ് സംഭവം. രണ്ടരപവന്റെ താലിമാല പിടിവലിക്കിടയിൽ പൊട്ടിയ ഒരുപവനോളം മാലയുമായാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
ഹൈൽമെറ്റ് ധരിച്ച യുവാവ് ഓടിച്ച ബൈക്കിന്റെ നമ്പർ വ്യാജമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മോഷ്ടാവ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറയിൽ നടന്ന മോഷണവിവരം വെളിപ്പെടുത്തിയത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പരിയാരം പൊലീസ് പറഞ്ഞു. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സ്‌കൂട്ടറിൽ പിന്തുടർന്ന് സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളയുന്നതിൽ വിദഗ്്ദ്ധനാണ് ഷംനാദെന്ന് പൊലീസ് പറഞ്ഞു.
നിരന്തരം മാലപൊട്ടിക്കൽ പരാതികൾ റിപ്പോർട്ട് ചെയ്തതോടെ അതിൽ മാത്രം കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 2023 ജനുവരി മുതൽ കാസർഗോഡ് ജില്ലയിൽ 20 മാലപൊട്ടിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഷംനാദിന്റെ അറസ്റ്റോടെ മറ്റു കേസുകളിലും തുമ്പുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
മാലപൊട്ടിക്കൽ നടത്തുന്ന ഓരോ പ്രദേശത്തെയും വഴികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് പ്രതി. ഊടുവഴികളെല്ലാം മനസ്സിലാക്കിയാണ് കൃത്യം നടത്തുന്നത്. കാസർകോട്, ബേക്കൽ, മേൽപ്പറമ്പ്, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ എം.ഡി.എം.എ. കേസുൾപ്പെടെ പ്രതിക്കെതിരേയുണ്ട്.
മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ ആറ് മാലപൊട്ടിക്കൽ കേസും കാസർകോട് റെയിൽവേ സ്റ്റേഷനടുത്ത് മാല പൊട്ടിച്ചതും പരിയാരം സ്റ്റേഷൻ അതിർത്തിയിൽ മാല പൊട്ടിച്ചതും ഇയാൾ സമ്മതിച്ചിട്ടുണ്ട്. പൊട്ടിച്ച മാലകൾ മേൽപ്പറമ്പ്, കാസർകോട്, എറണാകുളം, സുള്ള്യ എന്നിവടങ്ങളിൽ വിറ്റ് കാശാക്കുകയാണ് ചെയ്തിരുന്നത്.
പ്രതി മാല പൊട്ടിച്ച റൂട്ടുകളിൽ പിങ്ക് പട്രോൾ ചുമതലയിലുള്ള വനിതാ പൊലീസിനെ മാല ധരിപ്പിച്ച് വേഷം മാറ്റി നടത്തിച്ചു. മാലപൊട്ടിക്കൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വഴികളിൽ ദിവസവും എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർമാരായ ലെജിത്, ശ്യാംകുമാർ, പ്രശോഭ്, വിനീത്, അബ്ദുൾസലാം, ലിനീഷ് എന്നിവരെ പരിശോധനയ്ക്ക് നിയോഗിച്ചു.
പ്രതി സഞ്ചരിച്ച തരം വാഹനത്തിന്റെ പട്ടിക സംഘടിപ്പിച്ച് ആർ.സി. ഉടമകളെ പരിശോധിക്കാൻ ട്രാഫിക് എസ്‌ഐ. ഫിറോസ്, ബദിയഡുക്ക സ്റ്റേഷനിലെ പ്രസാദ്, ഓസ്റ്റിൻ തമ്പി, ബേക്കലിലെ പ്രമോദ്, സനൽ, ബിനീഷ്, മേൽപറമ്പിലെ സുഭാഷ്, ബേഡകം സ്റ്റേഷനിലെ സജീഷ് എന്നിവരെയും നിയോഗിച്ചു.
സംശയിക്കുന്ന ആളുകളുടെ ഫോൺവിളികൾ പരിശോധിക്കാൻ ദീപക് വെളുത്തൂട്ടി (ബേക്കൽ), രഞ്ജിത് (ചന്തേര), ജ്യോതിഷ് (ജില്ലാ ആസ്ഥാനം) എന്നിവരെയും പൊലീസ് മേധാവി നിയോഗിച്ചു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ അവലോകനം ചെയ്യുന്നതിനുള്ള പ്രതിമാസയോഗത്തിൽ മാലപൊട്ടിക്കൽ ചർച്ചയായി. ഒരു മാസത്തിനുള്ളിൽ പ്രതിയെ പിടിക്കണമെന്ന നിർദ്ദേശം നൽകിയതിനാൽ ഉദ്യോഗസ്ഥരെല്ലാം ചേർന്നിരുന്ന് അന്വേഷണപദ്ധതി ആസൂത്രണം ചെയ്തു.
കുറ്റാന്വേഷണ വിദഗ്ധരായ പൊലീസുകാരെ ഉൾപ്പെടുത്തി 40 അംഗ സംഘത്തെ നിയോഗിച്ച് ഓഗസ്റ്റ് അഞ്ച് മുതൽ അന്വേഷണം തുടങ്ങി. ഗൂഗിൾ മാപ്പ് മാതൃകയിൽ പ്രതി പോയ വഴികളെല്ലാം വരച്ചെടുത്ത് മാലപൊട്ടിക്കലിന്റെ രീതി മനസ്സിലാക്കുകയായിരുന്നു ആദ്യം. 260 സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.
സൂക്ഷ്മനിരീക്ഷണത്തിൽ പ്രതി ഓടിച്ച വാഹനങ്ങൾ മനസ്സിലാക്കി. അതിനിടെ മുഖം മറച്ചും നമ്പർ മാറ്റിയും വരുന്ന വാഹനങ്ങളിൽ പോയവരെ വിളിപ്പിച്ചു. പ്രതിയെ മനസ്സിലാക്കുന്നതിനായി ഹെൽമെറ്റ് ഉൾപ്പെടെ നിരീക്ഷിച്ചു. വെള്ള, സ്വർണ നിറത്തിലുള്ള സ്‌കൂട്ടറുകളാണ് പ്രതി മോഷണത്തിന് ഉപയോഗിച്ചത്. എന്നും തോളിൽ ബാഗുണ്ടാകും. അതിൽ മാറാനുള്ള വസ്ത്രവും. മാല പൊട്ടിച്ചുകഴിഞ്ഞ് വസ്ത്രം മാറ്റിയാണ് തുടർയാത്രയെന്ന് ജില്ലാ പൊലീസ് മേധാവിഡോ. വൈഭവ് സക്സേന പറഞ്ഞു.
ബേക്കൽ ഡിവൈ.എസ്‌പി. സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ യു.പി വിപിൻ, എസ്‌ഐ.മാരായ ശ്രീജേഷ്, കെ.എം.ജോൺ, ട്രാഫിക് എസ്‌ഐ. ഫിറോസ് എന്നിവരും പിങ്ക് പട്രോൾ, ബദിയഡുക്ക, ബേക്കൽ, മേൽപറമ്പ്, ചന്തേര, വിദ്യാനഗർ, ഹൊസ്ദുർഗ്, ജില്ലാ പൊലീസ് ആസ്ഥാനംഎന്നിവിടങ്ങളിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സി.പി.ഒ.മാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.