കൊച്ചി: എംഡിഎംഎയുമായി രണ്ട് പേരെ ചേരാനല്ലൂർ പൊലീസ് പിടികൂടി. 2.49 ഗ്രാം എംഡിഎംഎയുമായി ഇടയക്കുന്നം ജയകേരള ഭാഗത്തുള്ള വീട്ടിൽ നിന്ന് കണവുള്ളിപ്പാടം വീട്ടിൽ രഘുൽ (29) എന്നയാളെയും തുടർന്ന് രഘുലിൽ നിന്ന കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടയക്കുന്നം മസ്ജിദിന് സമീപമുള്ള വീട്ടിൽ നിന്ന് 4.22 ഗ്രാം എംഡിഎംഎ യുമായി അറയ്ക്കൽ വിട്ടിൽ ശ്രീക്കുട്ടൻ (29) എന്നയാളെയുമാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 7 ഗ്രാമോളം എംഡിഎംഎയും വിൽപ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും, മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സും കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്‌ബർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം എറണാകുളം സെൻട്രൽ എ.സി.പി സി.ജയകമാറിന്റെ മേൽനോട്ടത്തിൽ ചേരാനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ബ്രിജുകുമാർ കെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ തോമസ് കെ എക്‌സ്, എസ്‌ഐ. വിജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് നസീർ, ദിനൂപ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചാണ് പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരുകയാണ്. കോടതിയിൽ ഹാജരാക്കി . പ്രതികളെ റിമാന്റ് ചെയ്തു.