കണ്ണൂർ: കണ്ണൂരിൽ നിന്നും നിർത്തിയിട്ട ടെംപോ ട്രാവലർ അടിച്ചുമാറ്റിയ കേസിലെ പ്രതികളെ പൊലിസ് പിടികൂടി. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ നാറാത്ത് നിന്നും ട്രാവലർ മോഷണം പോയ കേസിലാണ് കുറ്റ്യാടി ദേവർകോവിൽ ആഷിഫ് അബ്ദുൾ ബഷീർ (30), തൊട്ടിൽപ്പാലം കാവിലും പാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35) എന്നിവരെ മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 17 നായിരുന്നു കേസിനാസ്പദമായ സംഭവം. നാറാത്ത് സ്വദേശി ശ്രിജേഷിന്റെ കെ എൽ 43 ജെ 2300 നമ്പർ ട്രാവലർ നാറാത്ത് വാച്ചാപ്പുറം എന്ന സ്ഥലത്ത് വെച്ച് മോഷണം പോയത്. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സി സി ടി വി ക്യാമറ പരിശോധിച്ചും നടത്തിയ ശാസ്ത്രിയ അന്വേഷണത്തിൽ, ബഷീറും സുബൈറുമാണ് മോഷണം നടത്തിയതെന്ന് മനസിലാക്കിയ അന്വേഷണ സംഘം പ്രതികളായ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റ സമ്മതം നടത്തുകയും വെള്ളിയാഴ്‌ച്ച രാവിലെ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ മേൽ നോട്ടത്തിൽ മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്ഐമാരായ അബൂബക്കർ സിദ്ദിഖ്, അബ്ദുൽറഹ്‌മാൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, സിപിഓമാരായ വിനിത്, സഹജ, പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.