കൊച്ചി: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ. ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ, കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന. കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽ നിന്ന് സാഹസികമായി പിന്തുടർന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്.

എസ്‌പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്‌പി ജുവനപ്പടി മഹേഷ്,നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി .പി ഷംസ്, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്‌ഐമാരായ റിൻസ്. എം തോമസ്, ജോസി .എം ജോൺസൻ , എഎസ്ഐ എം.ജി ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.കെ മീരാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.