തിരുവനന്തപുരം: പൂജപ്പുരയിൽ ബാറിന് സമീപമുണ്ടായ തർക്കത്തെ തുടർന്ന് വിമുക്തഭടൻ കൊല്ലപ്പെട്ടു. ആറംഗസംഘമാണ് മർദ്ദിച്ചുകൊന്നത്. പൂന്തുറ സ്വദേശി പ്രദീപ് (54) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 11ന് പൂജപ്പുരയിലെ ബാറിനു സമീപമായിരുന്നു സംഭവം. ബാറിനുള്ളിൽ വച്ച് പ്രദീപും ഒരുസംഘം യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് ഇവർ പ്രദീപിനെ ബാറിന് പുറത്തുവച്ച് ആക്രമിച്ചു. തുടർന്ന് തലയിടിച്ച് വീണ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇയാളെ പരുക്കേറ്റനിലയിൽ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് പ്രതികൾ കടന്നുകളഞ്ഞെങ്കിലും സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

എന്നാൽ ഇവർ കൃത്യത്തിൽ പങ്കാളികളാണോ എന്നകാര്യം സ്ഥീരികരിച്ചിട്ടില്ല. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.