- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് പിടികൂടാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥരെ വടിവാളിന് വെട്ടി; സ്ഥലത്ത് വന്ന പ്രതിയുടെ സുഹൃത്തിനും വെട്ടേറ്റു; മുറിവ് വകവയ്ക്കാതെ പ്രതിയെ കീഴ്പ്പെടുത്തി ഉദ്യോഗസ്ഥർ
തിരുവല്ല: കഞ്ചാവുണ്ടെന്ന സംശയത്തെ തുടർന്ന് വീട്ടിൽ പരിശോധനയ്ക്ക് ചെന്ന എക്സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെട്ടി. വെട്ടേറ്റിട്ടും പതറാതെ പ്രതിയെ കീഴടക്കി ഉദ്യോഗസ്ഥർ. പെരുന്തുരുത്തി നെടുമ്പറമ്പിൽ ഷിബു തോമസ്(33) ആണ് വെട്ടിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്്ടർ കെ.എം. ഷിഹാബുദ്ദീൻ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനിടെ സ്ഥലത്തെത്തിയ ഷിബുവിന്റെ സുഹൃത്ത് വടക്കേൽ വീട്ടിൽ സച്ചിനും(28) വെട്ടേറ്റിട്ടുണ്ട്.
ബിജു വർഗീസിന്റെ ഇടതുകൈയുടെ മുട്ടിലാണ് വെട്ടുകൊണ്ടത്. നാല് തുന്നലിട്ടു. ഷിഹാബുദ്ദീന് കൈകളിലും മറ്റും ചെറിയ തോതിൽ വെട്ടുകൊണ്ടു. വ്യാഴാഴ്ച പകൽ പത്തരയോടെയാണ് സംഭവം. കുറ്റപ്പുഴ പുന്നക്കുന്ന് നരിമണ്ണിൽ ശ്രീജു(40)വിനെ 40 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഷിബുവിൽ നിന്നാണ് കഞ്ചാവ് കിട്ടിയതെന്നറിഞ്ഞു. തുടർന്നാണ് ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷിബുവിന്റെ വീട്ടിലെത്തിയത്.
സംഘത്തെ കണ്ടയുടൻ വീട്ടിലെ അലമാരയിൽ നിന്ന് വടിവാൾ എടുത്ത് തലങ്ങും വിലങ്ങും വീശുകയായിരുന്നു. ഇതിനിടെയാണ് സച്ചിൽ കടന്നു വരുന്നത്. സച്ചിന്റെ കാലിനാണ് വെട്ടേറ്റത്. വെട്ടു കൊണ്ടെങ്കിലും എക്സൈസ് സംഘം ഷിബുവിനെ കീഴ്പ്പെടുത്തി. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ആറുവർഷം മുമ്പ് ബിജു വർഗീസ് ചങ്ങനാശ്ശേരിയിൽ ജോലി ചെയ്തിരുന്നപ്പോൾ കഞ്ചാവ് കടത്തുകേസിൽ ഷിബുവിനെ പിടികൂടിയിരുന്നു. അന്നും ഇയാൾ ആക്രമണം നടത്തിയിരുന്നു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. പരിക്കേറ്റ ഉദ്യോഗസ്ഥർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്