- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് വിൽപ്പന എക്സൈസിന് ഒറ്റിയെന്ന് ആരോപിച്ച് വയോധികനെ വെട്ടി; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ
കോയിപ്രം: കഞ്ചാവ് കച്ചവടം എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തുവെന്ന് സംശയിച്ച് വയോധികനെ വീടുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. നെല്ലിമല വടക്കേക്കാലായിൽ വീട്ടിൽ വിവേക് പ്രദീപ് (18)ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തെ പിടികൂടിയിരുന്നു. നെല്ലിമല അടപ്പനാംകണ്ടത്തിൽ വീട്ടിൽ മാത്തുക്കുട്ടി എന്നുവിളിക്കുന്ന സാംകുട്ടി എബ്രഹാ(63)മിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. 21 ന് ഉച്ചക്ക് ഒന്നരയോടെ വീട്ടിലെ ഹാൾമുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രതികൾ അതിക്രമിച്ചകയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തി മാരകമായി മുറിവേൽപ്പിച്ചത്.
ഒറ്റിക്കൊടുക്കുമോടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് വിവേക് മേശപ്പുറത്തിരുന്ന ഗ്ലാസ്സ് അടിച്ചുപൊട്ടിച്ചശേഷം തലയുടെ ഉച്ചിയിലും മറ്റും ആഴത്തിൽ മുറിവേൽപ്പിച്ചത്. ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. രണ്ടാം പ്രതി പ്രദീപ് മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും തുരുതുര അടിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടിത്തെറിച്ച് മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. താഴെവീണപ്പോൾ ഇടതു വാരിയെല്ലുകളുടെ ഭാഗത്തും മുറിവുകളുണ്ടായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ സാംകുട്ടി എബ്രഹാം വീട്ടിൽ തിരിച്ചെത്തുകയും, വിവരമറിഞ്ഞ പൊലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തിയതിനെതുടർന്ന് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ ഗ്ലാസ്സ് കൊണ്ടുള്ള ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ പറ്റിയതെന്ന് വ്യക്തമായി. പ്രദീപിനെ ഇയാളുടെ വീടിനുസമീപത്തുനിന്നും പൊലീസ് ഉടനെതന്നെ പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച വിവേകിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ അന്വേഷണമാണ് നടന്നത്. തിരുവല്ല ഡി വൈ എസ് പി അഷദിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ, പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിനെ കൂടാതെ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓമാരായ ഷബാന അഹമ്മദ്, ജോബിൻ, സി പി ഓ ബ്ലെസ്സൺ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്