ശബരിമല: സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസില്‍ തമിഴ്നാട് സ്വദേശിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുന്‍ഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്പ പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി ജില്ലയില്‍, കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന മുരുകന്റെ മകന്‍ സുരേഷ്(32) ആണ് അറസ്റ്റിലായത്.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരുന്ന കാലയളവില്‍ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാള്‍ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയില്‍പെട്ട ദേവസ്വം ബോര്‍ഡ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ്, പ്രാഥമിക അന്വേഷണം നടത്തുകയും, സന്നിധാനത്തെയും, പമ്പയിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ചെയ്തിരുന്നു. പ്രത്യേകസംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കന്നിമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു.

അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വര്‍ഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. എന്നാല്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.ഇയാള്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരുനെല്‍വേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലര്‍ച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം വിദഗ്ദ്ധമായി കുടുക്കി. തുടര്‍ന്ന് പമ്പ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം റാന്നി ഡിവൈ.എസ്.പി ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.വിജയന്‍, എസ് ഐ കെ വി സജി, എസ് സി പി ഓമാരായ സൂരജ് ആര്‍ കുറുപ്പ്, ഗിരിജേന്ദ്രന്‍, സി പി ഓമാരായ അനു.എസ്.രവി, വി എം അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി വലയിലാക്കിയത്.

ഇയാളെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി. സന്നിധാനത്തും, പമ്പയിലും, കാനന പാതയിലും മോഷണം തടയുന്നതിലേക്ക് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മണ്ഡല മകരവിളക്ക് കാലത്തിനു മുന്നോടിയായി കൂടുതല്‍ സി.സി.ടിവി ക്യാമറകളും സുരക്ഷാ മുന്‍കരുതല്‍ ബോര്‍ഡുകളും സ്ഥാപിക്കുന്നതിനുവേണ്ട നടപടികള്‍കൈക്കൊള്ളുമെന്നും, സന്നിധാനത്ത് ജോലിക്ക് എത്തുന്ന മുഴുവന്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.