- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളില്‍ നിന്നും മൈക്കുകളും ആംപ്ലിഫയറും മോഷ്ടിച്ചു; പീഡനം അടക്കം ക്രിമിനല്‍ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പന്തളം പോലീസ്
ക്രിമിനല്‍ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പന്തളം പോലീസ്
പന്തളം: ഗവണ്മെന്റ് യു പി സ്‌കൂളില്‍ നിന്ന് മൈക്കും ആംപ്ലിഫയറും കേബിളുകളും മോഷ്ടിച്ച പ്രതികളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ചെന്നീര്‍ക്കര ഊന്നുകല്‍ പനയ്ക്കല്‍ എരുത്തിപ്പാട്ട് വലിയമുറി വീട്ടില്‍ അരുണ്‍(25), പ്രക്കാനം നാഗവര മുരുപ്പേല്‍ വീട്ടില്‍ മിഥുന്‍( 25) എന്നിവരാണ് അറസ്റ്റിലായത്. നിരവധി പ്രതികളുള്ള ഇലവുംതിട്ടയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് അരുണ്‍. കഞ്ചാവ് ബീഡി വലിച്ചതിന് ഇലവുംതിട്ട പോലീസ് എടുത്ത കേസിലും കൊടുമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസിലും പ്രതിയാണ്. ഇയാള്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് ഇലവുംതിട്ട സ്റ്റേഷനില്‍ നിലവിലുണ്ട്.
21 ന് രാത്രിയും പിറ്റേന്ന് പുലര്‍ച്ചെക്കുമിടയിലാണ് മോഷണം നടത്തിയത്. ഹാളിനുള്ളില്‍ കമ്പ്യൂട്ടര്‍ മേശമേല്‍ വച്ചിരുന്ന രണ്ടു മൈക്കുകളും ഒരു ആംപ്ലിഫയറും രണ്ടു കേബിളുകളുമാണ് മോഷ്ടിച്ചത്. 17,000 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. നാലു സി.സി.ടി.വി ക്യാമറകളില്‍ ഹാളിന്റെ ഭാഗത്തേക്കുള്ളത് മുകളിലേക്ക് തിരിച്ചു വച്ച ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയത്. സ്‌കൂളിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പോലീസ് സംഘം വിശദമായി പരിശോധിച്ചിരുന്നു. കൂടാതെ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ വിവരങ്ങളും ശേഖരിച്ചു. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും, മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു.
തങ്ങളെ പോലീസ് തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ യുവാക്കള്‍ ഫോണ്‍ ഓഫ് ചെയ്തശേഷം മുങ്ങി. ഒരാള്‍ ബന്ധുവീട്ടിലെ പറമ്പില്‍ ഒളിച്ചിരുന്നു, മറ്റേയാള്‍ കൂട്ടുകാരനുമൊത്ത് ബൈക്കില്‍ പത്തനംതിട്ട ഭാഗത്ത് കറങ്ങി നടന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഫോണ്‍ ഓണാക്കിയില്ല. തുടര്‍ന്ന് ഇവരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അവരുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ തന്ത്രപരമായി കുടുക്കുകയായിരുന്നു പോലീസ്.
ഫോണുകള്‍ ഓഫാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ അതിനുള്ള അവസരം കൊടുക്കാതെ തന്ത്രപരമായ നീക്കങ്ങളിലൂടെ 24 മണിക്കൂറിനകം കസ്റ്റഡിയിലെടുക്കാന്‍ പന്തളം പോലീസിന് സാധിച്ചു. എസ്.എച്ച്.ഓ ടി.ഡി. പ്രജീഷ് മേല്‍നോട്ടം വഹിച്ച അന്വേഷണസംഘത്തില്‍ എസ്.ഐ അനീഷ് എബ്രഹാം, എസ്.സി.പി.ഓമാരായ ജയന്‍, അമീഷ്, സി.പി.ഓമാരായ രഞ്ജിത്ത് അമല്‍ ഹനീഫ് എന്നിവരാണ് ഉണ്ടായിരുന്നത്.