കോയിപ്രം: സൈക്കിള്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം കിഴക്കേ കല്ലട കൈലാത്തുമുക്കില്‍ ക്ലാച്ചിരത്തില്‍ വീട്ടില്‍ പറവ ജോണ്‍സണ്‍ എന്ന ജോണ്‍സണ്‍ വര്‍ഗീസ് (49) ആണ് അറസ്റ്റിലായത്.

പുല്ലാട് പെരുമേത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ പുല്ലാട് ജങ്ഷന് സമീപത്തുള്ള സൈക്കിള്‍ കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപ ഓഗസ്റ്റ് 28ന് പുലര്‍ച്ചെ 05.30 മണിയോടെ പ്രതി മോഷ്ടിച്ചത്. പണം നഷ്ടമായതായി മനസിലായതിനെത്തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ അജീഷ് കോയിപ്രം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും പ്രതിയ്ക്കായി തെരച്ചില്‍ നടത്തി വരവേ ആലപ്പുഴയില്‍ നിന്നും 13ന് രാത്രി കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ദേഹപരിശോധനയില്‍ പ്രതിയില്‍ നിന്നും 6000 രൂപ പോലീസ് കണ്ടെടുത്തു.

പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ ആര്‍. രാജീവ്, സി.പി.ഓമാരായ അനന്തു, അരവിന്ദ്, രെജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല, കൊല്ലം അഞ്ചാലുംമൂട്, ആലപ്പുഴ മാന്നാര്‍ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. പെയിന്റിംഗ് പണി ചെയ്തുവരുന്ന പ്രതി ഇപ്പോള്‍ പെരിങ്ങരയിലാണ് താമസിക്കുന്നത്.